കേരള സമാജം ഫ്രാങ്ക്ഫർട്ട് ഈദുൾ ഫിത്തർ ആഘോഷിച്ചു
Friday, June 14, 2019 9:55 PM IST
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഈദുൾ ഫിത്തർ (ചെറിയ പെരുനാൾ) ആഘോഷിച്ചു. ഫ്രാങ്ക്ഫർട്ടിലെ ഫെഷൻഹൈം സാൽബൗവിൽ ജൂണ്‍ എട്ടിന് ഉച്ചവിരുന്നോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. ഫാ.വിനീത് അജിമോൻ, സഫീർ അബ്ദുൽ വഹീദ്(ജർമൻ മലയാളി മുസ്ളിം കോഓർഡിനേറ്റർ) എന്നിവർ ആശംസാപ്രസംഗം നടത്തി.

കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച ഈദ് അവതരണം, ബോളിവുഡ് ഡാൻസ്, ഒപ്പന, ഹിന്ദി, മലയാളം ഗാനാലാപനം, കഥക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മാപ്പിളപ്പാട്ട്, സെമി ക്ളാസിക്കൽ ഫ്യൂഷൻ ഡാൻസ്, മിമിക്രി തുടങ്ങിയ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ഫാ. വിനീത് ആലപിച്ച സംസ്കൃതപമഗരി എന്നു തുടങ്ങുന്ന മാപ്പിളപാട്ട് സദസിന്‍റെ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി.

തംബോലയിൽ വിജയികളായവർക്ക് സമ്മാനം നൽകി. സമാജം പ്രസിഡന്‍റ് ഡോ.അജാക്സ് മുഹമ്മദ് സ്വാഗതവും സെക്രട്ടറി അബി മാങ്കുളം നന്ദിയും പറഞ്ഞു.സമാജത്തിന്‍റെ 49 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ചെറിയ പെരുനാൾ ആഘോഷം നടത്തുന്നത്. ദേശീയഗാനത്തോടെ പരിപാടികൾക്ക് തിരശീല വീണു. ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ളവരെ കൂടാത രാജ്യത്തിൻെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും ആഘോഷത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ