യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ 2020 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 27-ന്
Sunday, May 26, 2019 2:40 PM IST
ഹോര്‍ഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 21 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ ചെറിയാന്റെ അധ്യക്ഷതയിലുള്ള റീജിയണല്‍ കമ്മറ്റി ഏകീകൃതമായ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിലയ്ക്ക് റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനവും 2020 ക്രിക്കറ്റ് ടൂര്‍ണമെന്റും മെയ് 27 ന് നടത്തുന്നു. ക്രോളിയിലെ ലാങ്‌ലി ഗ്രീന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് ഉദഘാടനം നടക്കുന്നത്. അതിനോടനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് നോര്‍ത്ത് ഗേറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലും ലാങ്‌ലിഗ്രീന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീം രജിസ്റ്റര്‍ ചെയ്യുവാനായി യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ ആണ് ഉത്സുകരായി എത്തിയത്. മത്സര ക്രമീകരണങ്ങള്‍ക്കും നടത്തിപ്പിനുമുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ആദ്യം രജിസ്റ്റര്‍ ചെയ്ത 12 ടീമുകളെ മാത്രം ടൂര്‍ണമെന്റിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളികള്‍ മാത്രം ഉള്‍പ്പെടുന്ന ടീമുകള്‍ മത്സരിക്കുന്ന യുകെയിലെ ആദ്യ ക്രിക്കറ്റ് മാമാങ്കത്തിനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ആതിഥേയത്വം വഹിക്കുന്നത്. 12 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക പാദ മത്സരങ്ങള്‍ രണ്ട് സ്റ്റേഡിയങ്ങളിലായി നാല് പിച്ചുകളിലായി ആണ് നടത്തപ്പെടുന്നത്. ആദ്യപാദ മത്സരങ്ങളിലെ ഗ്രൂപ്പ് വിജയികളായിരിക്കും സെമി ഫൈനലില്‍ മത്സരിക്കുന്നത്. സസ്സെക്‌സ് ക്രിക്കറ്റ് ലീഗിലെ രജിസ്‌ട്രേഡ് അമ്പയര്‍മാരായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക.

ഒന്നാം സമ്മാനമായി 1000 പൗണ്ടും പ്രൈം കെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിങ് ട്രോഫിയും ലഭിക്കുന്നതാണ്. രണ്ടാമത്തെ സമ്മാനമായി 500 പൗണ്ടും ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും മൂന്നും നാലും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. വ്യക്തിഗത മികവുകളെ ആദരിക്കുന്നതിനായി ബെസ്‌ററ് ബാറ്റ്‌സ്മാന്‍ ബെസ്‌ററ് ബൗളര്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡുകളും നല്‍കുന്നതാണ്. മത്സരങ്ങളുടെ അവസാനം ചേരുന്ന പൊതു സമ്മേളനത്തില്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് ശ്രീ ബാബു മങ്കുഴി ഉത്ഘാടനം ചെയ്യുന്നതും യുക്മ മുന്‍ ദേശീയ പ്രേസിടെന്റും യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ചെയര്‍മാനും ആയ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ മുഖ്യാഥിതിയും ആയിരിക്കും. യുക്മ ദേശീയ നിര്‍വാഹക സമിതിയെ പ്രതിനിധീകരിച്ചു നാഷണല്‍ ട്രെഷറര്‍ അനീഷ് ജോണും മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ മുന്‍ നാഷണല്‍ എക്‌സിക്യൂറ്റീവ് ശ്രീ സുരേഷ് കുമാറും റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേരുന്നതുമാണ്. കൂടാതെ റീജിയണിലെ സാംസ്‌കാരിക നേതാക്കന്മാരായ സി എ ജോസഫ് , ജേക്കബ് കോയിപ്പള്ളി , മാത്യു ഡൊമിനിക് എന്നിവരും പൊതു സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കും. ഈ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും യുക്മ സ്‌നേഹികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സൗത്ത് ഈസ്റ്റ് റീജിയനു വേണ്ടി പ്രസിഡന്റ് ജോമോന്‍ ചെറിയാന്‍ സെക്രട്ടറി ജിജോ അരിയത്ത് ട്രെഷറര്‍ ജോഷി ആനിത്തോട്ടത്തില്‍ ദേശീയ നിര്‍വാഹക സമിതി അംഗം ലാലു ആന്റണി എന്നിവര്‍ അറിയിച്ചു.

മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ വിലാസങ്ങള്‍:
Langley Green Cricket Ground, Cherry Lane, Crawley, RH11 7NX

South Gate Cricket Ground, Crawley, RH10 6HG

റിപ്പോര്‍ട്ട്: സാം ജോര്‍ജ് തോമസ്