നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്, ഭാവി പദ്ധതികള്‍ പങ്കുവച്ച് പിണറായി; പ്രവാസി ചിട്ടിക്കു തുടക്കം
Sunday, May 19, 2019 4:25 PM IST
ലണ്ടന്‍: കേരളത്തിന്റെ നേട്ടങ്ങളും ഭാവിയില്‍ നടപ്പാക്കാനുള്ള പദ്ധതികളും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ സദസിനെ കൈയിലെടുത്തു. സ്‌കോട്ടിഷ് എംപി മാര്‍ട്ടിന്‍ ഡേ അടക്കമുള്ളവര്‍ ഉപവിഷ്ടരായ വേദിയില്‍ ആദ്യത്തെ പത്തു മിനിറ്റ് ഇംഗ്ലീഷിലായിരുന്നു പിണറായിയുടെ പ്രസംഗം. പന്നീട് സദസിന്റെ അനുമതിയോടെ ബ്രിട്ടനിലെ മലയാളി സമൂഹത്തെ മലയാളത്തില്‍ തന്നെ അഭിസംബോധന ചെയ്തു.

നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം പിണറായി വിജയനെ ഏറെ സ്വാധീനിച്ചെന്നു വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പുഴകളും തടാകങ്ങളുമെല്ലാം മാലിന്യം നീക്കി ശുദ്ധമാക്കി കുടിക്കാന്‍ യോഗ്യമാക്കിയെടുത്ത ഡച്ച് മാതൃക കേരളത്തില്‍ നടപ്പാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഞിയെ കൊണ്ടുവന്ന് വെള്ളം കുടിപ്പിച്ച് ഡച്ച് അധികൃതര്‍ ജലാശയത്തിലെ ശുദ്ധത തെളിയിച്ച കഥയും അദ്ദേഹം അനുസ്മരിച്ചു.

ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് പണമാണ് പ്രധാന പ്രതിബന്ധം. അതു പരിഹരിക്കാന്‍ വിദേശ മലയാളികള്‍ക്കാണു സാധിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിനു സാധിക്കാത്തതായി ഒന്നുമില്ലെന്നു പറഞ്ഞ പിണറായി, പച്ചക്കറി ഉത്പാദിപ്പിക്കുന്ന ഹരിത കേരളം പദ്ധതിയും പ്രളയ ദുരന്തത്തെ നേരിട്ട രീതിയുമാണ് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയത്. ഒരു വര്‍ഷത്തിനുള്ളില്‍ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഉള്‍നാടന്‍ ഗതാഗത പദ്ധതി യാഥാര്‍ഥ്യമാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൈയടികളോടെയാണ് സദസ് സ്വാഗതം ചെയ്തത്.

അറുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള ശേഷി കേരളത്തിനുണ്ട്. അതില്‍ 45,000 കോടിക്കുള്ള പദ്ധതികള്‍ കണ്‌ടെത്തിക്കഴിഞ്ഞു. മസാല ബോണ്ട്, പ്രവാസി ചിട്ടി തുടങ്ങിയ സംരംഭങ്ങള്
ഇതിനു പണം സമാഹരിക്കാനുള്ള ചില മാര്‍ഗങ്ങളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, പരമാവധി 12,000 കോടി രൂപ മാത്രമാണ് ഈ രണ്ടു പദ്ധതികളില്‍നിന്നു പ്രതീക്ഷിക്കുന്നത്.

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ധനമന്ത്രി തോമസ് ഐസക് ചടങ്ങില്‍ അധ്യക്ഷനായി. കേരളത്തിന്റെ ഖജനാവ് ശുഷ്‌കമാണെങ്കിലും ധനമന്ത്രി മിടുക്കനാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സദസില്‍ ചിരിയുണര്‍ത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍