യൂറോപ്പിൽ കെഎസ്എഫ് ഇ പ്രവാസി ചിട്ടി മേയ് 17 മുതൽ
Thursday, May 16, 2019 9:15 PM IST
ലണ്ടൻ: കെഎസ്എഫ്ഇ പ്രവാസി ചിട്ടി യൂറോപ്യൻ രാജ്യങ്ങളിൽ ഈ മാസം 17 മുതൽ ലഭ്യമാകും. ലണ്ടനിലെ മോണ്ട് കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്‍റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യും. പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിനു ചർച്ച് എൻഡിലെ ഹാംലി കാസൽ ഹൈസ്കൂളിലും ബോണ്‍ മൗത്തിലെ ഇന്ത്യൻ കമ്യൂണിറ്റി ഹാളിലും 19നു ഡബ്ലിനിലെ കാൾട്ടൻ ഹോട്ടലിലും മലയാളി സൗഹൃദകൂട്ടായ്മകളും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രാരംഭഘട്ടത്തിൽ യുഎഇയിലെ പ്രവാസി മലയാളികൾക്ക് മാത്രം ലഭ്യമായിരുന്ന പ്രവാസി ചിട്ടി ഈ വർഷം ഏപ്രിലോടെയാണ് എല്ലാ ജിസിസി രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഉടൻതന്നെ ചിട്ടിയിൽ ചേരുവാൻ കഴിയും.

പ്രവാസികളുടെ നിരന്തര ആവശ്യമായ 10 ലക്ഷത്തിനുമേലുള്ള ചിട്ടികളും വരിക്കാർക്കായി തുറന്നു നൽകുന്നു. പ്രാരംഭമായി 30 മാസത്തെ 15 ലക്ഷത്തിന്‍റെ ചിട്ടിയും 25 മാസത്തെ 25 ലക്ഷത്തിന്‍റെ ചിട്ടിയുമാണ് ഉണ്ടാകുക. പിന്നീട് ആവശ്യമനുസരിച്ച് കൂടുതൽ ഉയർന്ന വരിസംഖ്യകൾ ഉള്ള ചിട്ടികൾ പ്രഖ്യാപിക്കും. 10 ലക്ഷത്തിനുമേൽ ഉള്ള ചിട്ടികൾ നോണ്‍ ഇൻഷ്വേർഡ് ആയി ആയിരിക്കും തുടങ്ങുക. എന്നാൽ സാധാരണ പ്രവസിച്ചിട്ടികളുടെ ബാക്കി എല്ലാ സവിശേഷതകളും ഇവക്കുണ്ടാകും.

ചിട്ടിയിൽ ചേരുന്നതിന് പ്രവാസികൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ്ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇന്‍റർനാഷണൽ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. വെബ്സൈറ്റ് വഴിയും ആൻഡ്രോയിഡ് ഐഫോണ്‍ മൊബൈൽ ആപ്പ് വഴിയും വരിക്കാർക്ക് ഓണ്‍ലൈൻ ലേലത്തിൽ പങ്കെടുക്കാം. നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാർക്ക് വിളിച്ചെടുക്കുന്ന തുക ചിട്ടികാലാവധി കഴിയുന്നതുവരെ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപങ്ങൾ ആക്കാവുന്നതും കാലാവധി കഴിയുന്പോൾ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്.

പണത്തിനു അത്യാവശ്യമുള്ള വരിക്കാർക്ക് ചിട്ടിത്തുക ഇനി അടക്കുവാനുള്ള തവണകൾക്ക് ജാമ്യം നൽകി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈപറ്റാവുന്നതാണ്. വരിക്കാർക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏതു കെഎസ്എഫ്ഇ ബ്രാഞ്ചിലും ജാമ്യരേഖകൾ സമർപ്പിക്കുവാനും അതിന്‍റെ സ്റ്റാറ്റസ് ഓണ്‍ലൈനായി തത്സമയം നിരീക്ഷിക്കുവാനും കഴിയും.

ചിട്ടിവഴി സമാഹരിക്കുന്ന തുക കിഫ്ബി വഴി കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ ലഭ്യമാക്കുവാനും കഴിയുന്നു. കിഫ്ബി കേരളത്തിൽ നടപ്പിലാക്കുന്ന ഏതു വികസന പദ്ധതിക്കാണ് തങ്ങളുടെ തുക വിനിയോഗിക്കാനുള്ളതെന്ന് വരിക്കാരന് താല്പര്യം പ്രകടിപ്പിക്കുവാനും കഴിയും. നിലവിൽ ഏറ്റവും കൂടുതൻ വരിക്കാർ തിരഞ്ഞെടുത്തിരിക്കുന്നത് തീരദേശ ഹൈവേ പദ്ധതിയാണ്, തൊട്ടുപിന്നിലായി ഹൈടെക് സ്കൂൾ, ആശുപത്രികളുടെ നവീകരണം, ഐടി പാർക്കുകൾ എന്നിവയും ഉണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ