വീടില്ലാത്തവരുടെ വേദന പങ്കുവച്ചു തെരുവില്‍ അന്തിയുറങ്ങി മലയാളിയായ മുന്‍ ക്രോയ്ഡന്‍ മേയര്‍
Tuesday, March 26, 2019 2:59 PM IST
ലണ്ടന്‍: വീടില്ലാത്തവരുടെ വേദനകള്‍ക്ക് പരിഹാരം തേടി തെരുവില്‍ അന്തിയുറങ്ങി മലയാളിയായ മുന്‍ ക്രോയ്‌ഡോണ്‍ മേയറും , കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ്. ബ്രിട്ടനില്‍ ആകമാനം ഭവന രഹിതര്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ഇതിനു പരിഹാരം തേടി ഭവനരഹിതര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മഞ്ജു തെരുവില്‍ അന്തിയുറങ്ങിയത്.

യുകെയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമാറിയ ഈ പ്രവര്‍ത്തി ഏറെ സംതൃപ്തി നല്‍കുന്നതായി മഞ്ജു പറഞ്ഞു. 'വളരെ പ്രചോദനം നല്‍കുന്ന ഒരു അനുഭവം ആയിരുന്നു. എനിക്ക് വീട്ടില്‍ പോയ് കിടന്നുറങ്ങാം, പക്ഷെ വീടില്ലാത്തവര്‍ എന്ത് ചെയ്യും ,അവര്‍ എല്ലാ ദിവസവും തെരുവിലാണ് ഉറങ്ങുന്നത് . മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. 'ഇതിലൂടെ വീടിലാത്തവരുടെ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാവുമെന്നും , ഇത്തരക്കാരെ സഹായിക്കുന്നതിനായുള്ള ഫണ്ട് സമാഹരണം ത്വരിതഗതിയില്‍ ആക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി മഞ്ജു പറഞ്ഞു. മഞ്ജുവിന്റെയും മറ്റും നേതൃത്വത്തില്‍ ഉള്ള ടാര്‍ജറ്റ് എന്ന സന്നദ്ധ സംഘടന ഇതിനായി ഫണ്ടുകള്‍ സ്വരൂപിക്കുന്നുമുണ്ട്.

തിരുവനന്തപുരം മഞ്ഞുമല സ്വദേശിനിയായ മഞ്ജു നിലവില്‍ ക്രോയ്‌ഡോണ്‍ കൗണ്‍സിലില്‍ , കൗണ്‍സിലറും 2014 - 2015 കാലഘട്ടത്തില്‍ ക്രോയ്‌ഡോണ്‍ മേയറും ആയിരുന്നു. ക്രോയ്‌ഡോണ്‍ നഗര സഭയിലെ എക്കണോമിക്‌സ് ആന്‍ഡ് ജോബ്‌സ് സ്റ്റാന്റിംഗ് കമ്മറ്റി കാബിനറ്റ് ചെയര്‍ കൂടിയായ മഞ്ജു ഒരു വീട്ടമ്മയായി യുകെയില്‍ എത്തിയ ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്തുകയായിരുന്നു. കാന്‍സര്‍ ചാരിറ്റി അടക്കം നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ മഞ്ജു വിന്റെ ഈ പ്രവര്‍ത്തനം യുകെ യിലെ മലയാളി സംഘടനകള്‍ക്ക് തങ്ങളുടെ പ്രദേശത്തെ നഗര സഭ കൗണ്‌സിലുകളുമായി ചേര്‍ന്നു വീടില്ലാത്തവരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കും.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍