ഹൈബി ഈഡൻ എംഎൽഎ ക്ക് കേരള റീബിൽഡ് എക്സലൻസി അവാർഡ്
Tuesday, February 19, 2019 11:05 PM IST
ഡബ്ലിൻ : ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സ്റ്റഡി സെന്‍ററും ഒഐസിസി അയർലൻഡും സംയുക്തമായി സംഘടിപ്പിച്ച കേരള റീബിൽഡ് എക്സലൻസി പുരസ്കാരം ഹൈബി ഈഡൻ എംഎൽഎ ക്ക് ലഭിച്ചു. ജൂണിൽ ഡബ്ലിനിൽ നടക്കുന്ന പ്രൗഢഗംഭീരമായ അവാർഡ് നിശയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഒഐസിസി അയർലൻഡിന്‍റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു ഫെബ്രുവരി 15 ന് ഡബ്ലിൻ ടാല പ്ളാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ ടിഡി (ഐറിഷ് പാർലമെന്‍റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചാന്പേഴ്സും ഇന്ത്യൻ എംബസി കൗണ്‍സിലർ സോംനാഥ് ചാറ്റർജിയും ചേർന്നാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.

“ചേരാം ചേരാനെല്ലൂർ“ പദ്ധതിയും “തണൽ“ പദ്ധതിയുമാണ് ഹൈബി ഈഡനെ അവാർഡിന് അർഹനാക്കിയത്. ഈ പദ്ധതികളിൽ വിധവകൾ, രോഗികൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ എന്നിവരെയാണ് പ്രധാന ഗുണഭോക്താക്കളാക്കിയിരിക്കുന്നത്. അഞ്ചു മാസങ്ങൾക്കുള്ളിൽ രാജീവ് നഗർ കോളനിയിൽ 30 വീടുകൾ നിർമാണം ആരംഭിക്കുകയും അതിൽ ഏഴു വീടുകളുടെ താക്കോൽദാനം നൽകുകയും ചെയ്തു. ചെറിയ തോതിൽ തുടങ്ങിയ ഉദ്യമം മുപ്പതു വീടുകളിലേക്ക് വളർന്ന സാഹചര്യത്തിലാണ് ഹൈബിയെ തേടി അവാർഡ് എത്തിയതെന്നു സംഘാടകർ പറഞ്ഞു.

പോയ വർഷം കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തെ അതിജീവിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങളായിരുന്നു അവാർഡ് കമ്മിറ്റിയുടെ മാനദണ്ഡം.

ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ചെയർമാനായ അവാർഡ് കമ്മിറ്റിയിൽ സാബു വി.ജെ, അനീഷ് കെ. ജോയ് എന്നിവർ അംഗങ്ങളായിരുന്നു.

ഒഐ സിസി പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് കെ.ജോയ് സ്വാഗതം ആശംസിച്ചു.എം.പി ജാക്ക് ചേംബേഴ്സ്, ഇന്ത്യൻ എംബസി കൗണ്‍സിലർ സോമനാഥ് ചാറ്റർജി, അയർലൻഡിലെ പീസ് കമ്മീഷണർ ശശാങ്ക് ചക്രവർത്തി, അയർലൻഡിലെ ജയ്പൂർ ബിസിനസ് ഗ്രൂപ്പിന്‍റെ ചെയർമാൻ ആശിഷ് ദിവാൻ ഒഐസിസി അയർലൻഡ് പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ, അനീഷ് കെ. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ