ഡബ്ലിൻ സീറോ മലബാർ കത്തോലിക്കാ സഭക്ക് പുതിയ അത്മായ നേതൃത്വം
Saturday, January 19, 2019 5:17 PM IST
ഡബ്ലിൻ: സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. 2019-20 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളായി സിജോ കാച്ചപ്പള്ളി (ലൂക്കൻ) - ട്രസ്റ്റി സെക്രട്ടറിയായും റ്റിബി മാത്യു (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) ട്രസ്റ്റി ഫിനാൻസ് ഇൻ ചാർജായും ജോബി ജോൺ (ഫിബ്സ്ബൊറൊ) ട്രസ്റ്റി സോണൽ കോഓർഡിനേറ്ററായും, ബിനുജിത്ത് സെബാസ്റ്റ്യൻ (ഇഞ്ചിക്കോർ) ജോയിൻ്റ് സെക്രട്ടറിയായും ബിജു നടയ്ക്കൽ (ബ്രേ) പിആർഒആയും ജയൻ മുകളേൽ (താല), ലിജിമോൾ ലിജൊ (ബ്ലാഞ്ചർഡ്സ്ടൗൺ) എന്നിവർ യൂത്ത് കോഓർഡിനേറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു. എക്സികൂട്ടീവ് അംഗങ്ങളായി ജോസ് പള്ളിപ്പാട്ട് (സെൻ്റ്. ജോസഫ്, ബ്ലാക്ക്റോക്ക്), റോയി മാത്യു (ലൂക്കൻ) ജോയ് തോമസ് (സോർഡ്) എന്നിവരെ തെരഞ്ഞെടുത്തു. ഗാർഡാവെറ്റിങ്ങിന്‍റെ ചുമതല സോണി ജോസഫ് (താല) തുടർന്നും നിർവഹിക്കും, ചൈൽഡ് സേഫ്റ്റി ഓഫീസറുടെ ചുമതല ബെന്നി ജോണും (ബ്ലാഞ്ചർഡ് സ്ടൗൺ), ഓഫീസിന്‍റെ ചുമതല റൈൻ ജോസും (ഇഞ്ചിക്കോർ) നിർവഹിക്കും.

ഡബ്ലിനിലെ ഒൻപത് കുർബാന സെന്‍ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദികരും ഉൾപ്പെട്ട സോണൽ കോഓർഡിനേഷൻ കമ്മിറ്റിയാണു അടുത്ത രണ്ടുവർഷക്കാലം ഡബ്ലിൻ സീറോ മലബാർ സഭയെ നയിക്കുന്നത്.

ജോൺസൺ ചക്കാലയ്ക്കലിന്‍റേയും റ്റിബി മാത്യവിന്‍റേയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലം ഡബ്ലിനിലെ സഭക്ക് ആത്മീയവും ഭൗതീകവുമായി മികച്ച വളർച്ച നേടാൻ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. യൂറോപ്പിലെ വിശ്വാസ സമൂഹത്തിനു നേത്യത്വം നൽകുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിനും ജനറൽ കോഓർഡിനേറ്റർ ഡോ. ചെറിയാൻ വാരിക്കാട്ടച്ചനും, അയർലൻഡിലെ നാഷണൽ കോഓർഡിനേറ്റർ മോൺ. ആന്‍റണി പെരുമായനും നന്ദിരേഖപ്പെടുത്തിയ യോഗം നാളിതുവരെ നയിച്ച എല്ലാ ചാപ്ലിന്മാരുടേയും പ്രത്യേകിച്ച് കഴിഞ്ഞ രണ്ടുവർഷം ചാപ്ലിന്മാരായിരുന്ന ജോസ് ഭരണികുളങ്ങര അച്ചന്‍റേയും ആന്‍റണി ചീരാംവേലിൽ അച്ചന്‍റേയും സേവനങ്ങളെ അനുസ്മരിച്ചു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള റവ. ഡോ. ക്ലമൻ്റെ പാടത്തിപ്പറമ്പിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാപ്ലിയന്മാരായ ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയി വട്ടക്കാട്ട് എന്നിവരും സംബന്ധിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ