ആഷ്ഫോർഡ് മലയാളികൾ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Friday, January 11, 2019 7:05 PM IST
ആഷ്ഫോർഡ്: കെന്‍റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ പതിനാലാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ‘ഉദയം’ എന്ന പേരിൽ ആഘോഷിച്ചു.

വൈകുന്നേരം നാലിന് ആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂൾ ഓഡിറ്റോറിയത്തിൽ 30ൽപരം സ്ത്രീകളും ആൺകുട്ടികളും അണിനിരന്ന ഫ്ലാഷ് മോബോടുകൂടി ആഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രസിഡന്‍റ് ജസ്റ്റിൻ ജോസഫും മുഖ്യാതിഥിയായ ഡോ. അനൂജ് ജോഷ്വായും ചേർന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ട്രീസ സുബിൻ സ്വാഗതം ആശംസിച്ചു. സമ്മേളനം ശേഷം ബ്രിട്ടീഷ് സിവിൽ സർവീസിലേക്ക് ആദ്യമായി കടന്നുവന്ന മലയാളിയും ഹെർ മജസ്റ്റീസ് ഗവൺമെന്‍റിസിൽ സീനിയർ ഇക്കോണമിക് അഡ്വൈസറും ഇൻവെസ്റ്റ്മെന്റ് അനാലിസിസിന്റെ തലവനും പ്രശസ്ത വാഗ്മിയുമായ ഡോ. അനൂജ് ജോഷ്വാ മാത്യു ക്രിസ്മസ് സന്ദേശം നൽകി. അസോസിയേഷൻ സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിൽ വിജയികളായവർക്ക് പ്രസിഡന്‍റ് സമ്മാനങ്ങൾ വിതരണം ചെയ്തു.

തപ്പിന്‍റെയും കിന്നരത്തിന്‍റേയും കൈത്താളത്തിന്‍റേയും അകമ്പടിയോടെ നവീനഗാനങ്ങളുമായി ഡിസംബറിൽ കടന്നുവന്ന അസോസിയേഷൻ പ്രവർത്തകർക്കും കടന്നു ചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ അംഗങ്ങൾക്കും ഉദയവുമായി ബന്ധപ്പെട്ട് എല്ലാവർക്കും സോനു സിറിയക്ക് നന്ദി പറഞ്ഞു. ജോയിന്‍റ് സെക്രട്ടറി സിജോ ജെയിംസ്, വൈസ് പ്രസിഡന്‍റ് ജോളി മോളി, ട്രഷറർ ജെറി ജോസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സമയബദ്ധിതമായി ഷാബു വർഗീസ് യോഗം നിയന്ത്രിച്ചു.

പ്രശസ്ത നർത്തകിയായ ജെസീന്താ ജോമിയുടെ മേൽനോട്ടത്തിൽ പെൺകുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോട് ഉദയത്തിന് തുടക്കം കുറിച്ചു. 65 ൽ പരം കലാകാരന്മാരും കലാകാരികളും ചേർന്നതവരിപ്പിച്ച ലോകരക്ഷിതാവിന്‍റെ ഉദയം എന്ന നൃത്തസംഗീത ശിൽപവും കൊച്ചുകുട്ടികളും ക്രിസ്മസ് പാപ്പായും ചേർന്നവതരിപ്പിച്ച പാപ്പാ നൃത്തവും ആഷ്ഫോർഡിൽ ആദ്യമായി നീലചിറകുകൾ ഏന്തിയ മാലാഖമാരുടെ എയ്ഞ്ചൽ ഡാൻസും അരങ്ങേറി.

ക്ലാസിക്കൽ ഡാൻസ്, ഭക്തിഗാനം, കരാൾ ഗാനം, കുട്ടികളുടെ കൊയർ, സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് സ്കിറ്റ് എന്നിവയാൽ ഉദയം കൂടുതൽ സമ്പന്നമായി. സിനിമാറ്റിക് ഡാൻസിന്റെ ഭാവി വാഗ്ദാനമായ അച്ചു സജി കുമാർ ചിട്ടപ്പെടുത്തിയ ഫ്യൂഷൻ ഡാൻസും വനിതകളുടെ സിനിമാറ്റിക് ഡാൻസും ജിന്റെിൽ ബേബിയുടെ ഡിജെയും സദസിനെ ഇളക്കിമറിച്ചു.

ഉദയം വൻ വിജയമാക്കി തീർക്കുവാൻ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികൾക്കും സ്റ്റേജിലും ഹാളിലും ഹാളിന്‍റെ പുറത്തും വെളിച്ചത്താൽ അലങ്കരിക്കുകയും വേദിയിലേക്ക് ആവശ്യമായ ശബ്ദവും വെളിച്ചവും ക്രമീകരിച്ച ബേബി ആർഎസിക്കും പ്രോഗ്രാം കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റി കൺവീനറായ ജോൺസൻ മാത്യൂസ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോൺസ് മാത്യൂസ്