പിഎംഎഫ് ഗ്ലോബൽ സമ്മേളനം സമാപിച്ചു
Thursday, January 10, 2019 6:50 PM IST
നെടുന്പാശേരി: പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ആറാമത് ഗ്ലോബൽ കുടുംബസംഗമം വിവിധ പരിപാടികളോടെ സമാപിച്ചു. ജനുവരി ആറിന് നെടുന്പാശേരി സാജ് എത്ത് റിസോർട്ടിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഡോ. ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തിചേർന്ന പ്രതിനിധികൾ സംഘാടനാ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന ഏറ്റെടുത്തിരിക്കുന്ന ജനോപകാര പദ്ധികൾ, ചാരിറ്റി പ്രവർത്തനം എന്നിവ കൂടുതൽ സജീവമായി സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികൾക്ക് സമ്മേളനം രൂപം നൽകി.

മാധ്യമ സെമിനാറിൽ മീഡിയ കോഓർഡിനേറ്റർ ഡോ. അനസ് അധ്യക്ഷത വഹിച്ചു. അമേരിക്കയിൽനിന്നുമെത്തിയ പിഎംഎഫ് എക്സിക്യൂട്ടീവ് അംഗം പി.പി. ചെറിയാൻ അതിഥികളെ പരിചയപ്പെടുത്തി. ദീപിക സീനിയർ അസോസിയേഷൻ എഡിറ്റർ ടി.സി. മാത്യു "പ്രവാസി സമൂഹവും നവകേരള നിജിതിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വീക്ഷണം തൃശൂർ റസിഡന്‍റ് എഡിറ്റർ എൻ. ശ്രീകുമാർ, വേണു പരമേശ്വർ (ദൂരദർശൻ), മസൂർ മുഹമ്മദ് (ജീവൻ ടിവി), എന്നിവർ വിവിധ വിഷയങ്ങളെകുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു.

സമാപന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, റോജി ജോൺ, സ്വാമി ഗരുരത്നം താപ്സി, വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ, സിനിമാതാരങ്ങളായ ബാല, നിഷ, ഡോ. മോൻസൻ മാവുങ്കൽ, വനിത കോഓർഡിനേറ്റർ നസറത്ത് യുഹാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പിഎംഎഫിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആലുങ്കൽ മുഹമ്മദ്, ഫിറോസ് കുന്നംപറന്പിൽ, ഡോ. അബ്ദുൾ നാസർ, സാജൻ വർഗീസ്, മിന സാജൻ, ഡോ. ഷിഹാബ് ഷാ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ജോയ് കോട്ടൂർ ചടങ്ങിൽ സംബന്ധിച്ചു. നൗഫൽ മഠത്തറ സ്വാഗതവും പിഎംഎഫ് കോഓർഡിനേറ്റർ നന്ദിയും പറഞ്ഞു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

വർഗീസ് ജോൺ, ജോൺ റാൾഫ്, ബിജു കർണൻ, പി.പി. ചെറിയാൻ, ഡോ. അനസ്, അനിത പുല്ലയിൽ, ബേബി മാത്യു, ജെഷിൻ പാലത്തിങ്കൽ, പി. ജയൻ, ബിജു കെ. വർഗീസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.