എമിറേറ്റ്‌സ് വിമാനത്തിന്‍റെ സാഹസിക ലാൻഡിംഗ് തരംഗമാകുന്നു
Monday, January 7, 2019 8:28 PM IST
മാഞ്ചസ്റ്റർ: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്‍റെ അതിസാഹസികമായ ലാൻഡിംഗിന്‍റെ വീഡിയോ യുട്യൂബിൽ തരംഗമാകുന്നു. എമിറേറ്റ്‌സിന്‍റെ എയര്‍ബസ് എ 380 എന്ന ഇരുനില യാത്രാവിമാനം യുകെയിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

മോശം കാലാവസ്ഥയെ തുടർന്നു മറ്റു വിമാനങ്ങൾ വഴിതിരിച്ചു വിട്ടപ്പോൾ പൈലറ്റിന്‍റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും ഒന്നുകൊണ്ട് മാത്രമാണ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പൈലറ്റ് നിരവധി തവണ വിമാനം നിലത്തിറക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ക്രോസ് വിൻഡ് തടസമായിനിന്നു. ഒടുവിൽ ആടിയുലഞ്ഞാണ് വിമാനം റൺവേയിൽ ഇറങ്ങിയത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ പൈലറ്റിന് തന്‍റെ പരമാവധി കഴിവ് പുറത്തിറക്കേണ്ടിവന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

108 വിമാനങ്ങളാണ് എയർബസ് എ380 വിഭാഗത്തിൽ എമിറേറ്റ്സിനുള്ളത്. 54 വിമാനങ്ങൾക്ക് ഓർഡറും നൽകിയിട്ടുണ്ട്. ദുബായിൽനിന്ന് 50 സ്ഥലങ്ങളിലേക്കാണ് എ380 സര്‍വീസ് നടത്തുന്നത്. ഇത്തരം വിമാനങ്ങൾക്ക് പരമാവധി 517, 489, 615 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.