മെർക്കൽ യുഗത്തിന്‍റെ പിൻഗാമി അന്നഗ്രെറ്റ്
Saturday, December 8, 2018 9:35 PM IST
ബർലിൻ: ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ പുതിയ അധ്യക്ഷയായി അന്നെഗ്രെറ്റെ ക്രാന്പ് കാരൻ ബൗവർ തെരഞ്ഞെടുക്കപ്പെട്ടു. ഹാന്പൂർഗിൽ നടന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

1001 പ്രതിനിധികൾ പങ്കെടുത്ത പ്രത്യേക സമ്മേളനത്തിൽ 517 (51.75 ശതമാനം) വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.999 അംഗങ്ങളാണ് വോട്ടു രേഖപ്പെടുത്തിയത്.മൂന്നു പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.നിലവിലെ ആരോഗ്യ മന്ത്രി സ്റ്റെഫാൻ സ്ഫാൻ, മുൻ നേതാവായ ഫ്രീഡ്രിച്ച് മെർസ് എന്നിവരായിരുന്നു എതിരാളികൾ.ആദ്യ റൗണ്ടിൽ തന്നെ സ്പാൻ പുറത്തായി.രണ്ടാം റൗണ്ടിൽ നടന്ന വോട്ടെടുപ്പിൽ മേഴ്സിന് 482 വോട്ടും(48.25 ശതമാനം) കാരൻ ബൗവറിന് 51 ശതമാനവും ലഭിച്ചു. നിലവിലെ പാർട്ടി ജനറൽ സെക്രട്ടറിയാണ് കാരൻ ബൗവർ. മെർക്കലിെൻറ മനസാക്ഷി സൂക്ഷപ്പുകാരി ആയ കാരൻബൗവറിന് മെർക്കലിെൻറ പ്രത്യേക പരിരക്ഷയും ഉണ്ടായിരുന്നു.54 കാരിയായ ഇവർ ക്രിസ്തീയ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന അബോർഷനെത്തിരെ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീത്തിൽ അറിയപ്പെട്ടു തുടങ്ങിയ കാലം മുതൽ മിനി മെർക്കൽ എന്നതാണ് അന്നഗ്രെറ്റ് ക്രാൻ കാറൻബോവറുടെ വിശേഷണം. ഒൗദ്യോഗികമായി എകെകെ എന്നും വിളിക്കപ്പെടുന്നു. എന്നാലിനി, മിനി മെർക്കലല്ല, മെർക്കലിന്‍റെ പിൻഗാമി തന്നെയാകുന്നു അന്നഗ്രെറ്റ്.

മെർക്കലിന്‍റേതിനു സമാനമായ നയങ്ങളും രീതികളും തന്നെയാണ് മിനി മെർക്കൽ എന്ന വിശേഷണത്തിനു പിന്നിൽ. എന്നാൽ, മുൻഗാമിയുടെ കാർബണ്‍ കോപ്പിയല്ല താനെന്ന് അവർ ആവർത്തിക്കുന്നു. മുൻപും നിരസിച്ചിട്ടുള്ള വിശേഷണം ഇനിയുള്ള കാലം കൂടുതൽ ശക്തമായി നിഷേധിക്കാൻ തന്നെയാണ് അന്നഗ്രെറ്റിന്‍റെ ഭാവം.

തന്‍റെ പിൻഗാമിയായി മെർക്കൽ തന്നെ വളർത്തിക്കൊണ്ടു വന്നതാണ് അന്നഗ്രെറ്റിനെ എന്നതിന്‍റെ സൂചനകൾ നേരത്തെ തന്നെ പ്രകടമായിരുന്നു. സീനിയോറിറ്റികളൊക്കെ മറികടന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ അവരെ നിയോഗിച്ചതു തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ മെർക്കൽ ഒരാളെയും പരസ്യമായി പിന്തുണച്ചിട്ടില്ലെങ്കിലും മാനസികവും ധാർമികവുമായി അവരുടെ മനസ് അന്നഗ്രെറ്റിനൊപ്പം തന്നെയായിരുന്നു എന്നതും വ്യക്തം. എന്നാൽ, അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അവർ തമ്മിലുള്ള ചില ഭിന്നതകൾ കൂടി മറനീക്കി പുറത്തു വരുകയും ചെയ്തിരുന്നു. പരസ്യ പിന്തുണ ഒഴിവാക്കാൻ മെർക്കലിനെ പ്രേരിപ്പിച്ചത് ഇതാവാമെന്നും വിലയിരുത്തൽ. നിങ്ങൾ കരുതുന്ന ആളുകളൊന്നുമാവണമെന്നില്ല എന്‍റെ പിൻഗാമി എന്നൊരു പ്രസ്താവന കൂടി അവർ നടത്തുകയും ചെയ്തിരുന്നു.

സ്വവർഗ വിവാഹം, അഭ‌യാർഥി പ്രവാഹം തുടങ്ങിയ വിഷയങ്ങളിൽ മെർക്കലിനെ അപേക്ഷിച്ച് വളരെ യാഥാസ്ഥിതികമായ നിലപാടുകളാണ് അന്നഗ്രെറ്റിനുള്ളത്. അതവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത്തരം ഭിന്നതകളാണ് താൻ മെർക്കലുമായി അകലാൻ കാരണമെന്നു കൂടി അവർ തുറന്നു പറയുന്നു. അതേസമയം, കൃത്രിമമായി അവരുമായി അകലം പാലിക്കാൻ താനുദ്ദേശിക്കുന്നില്ലെന്നും അന്നഗ്രെറ്റ് വ്യക്തമാക്കുന്നു.

സാർലാൻഡിലെ വലിയൊരു കത്തോലിക്കാ കുടുംബത്തിലാണ് അന്നഗ്രെറ്റിന്‍റെ ജനനം. 1984ൽ ഹെൽമുട്ട് കാറൻബോവറെ വിവാഹം കഴിച്ച ശേഷമാണ് നിയമ പഠത്തിനു ചേരുന്നത്. മൂന്നു കുട്ടികളാണ് ഈ ദന്പതികൾക്ക്. തന്‍റെ കരിയറിന്‍റെ ഉയർച്ചയ്ക്കായി ഭർത്താവ് വീട്ടുകാര്യങ്ങളും കുട്ടികളെയും നോക്കി വീട്ടിലിരിക്കാൻ തീരുമാനിച്ചതിനെ അവർ ഇടയ്ക്ക് നന്ദിപൂർവം സ്മരിക്കാറുള്ളതുമാണ്.

രാജ്യമാകെ സിഡിയു തകർന്നടിയുന്പോഴും സാർലാൻഡിൽ അന്നഗ്രെറ്റ് പാർട്ടിയെ വൻ വിജയത്തിലേക്കു നയിച്ചതോടെയാണ് ദേശീയ തലത്തിൽ തന്നെ മെർക്കലിന്‍റെ പിൻഗാമിയായി അവർ അറിയപ്പെട്ടു തുടങ്ങുന്നത്. ജനറൽ സെക്രട്ടറിയായതോടെ ആ സ്ഥാനം ഒൗപചാരികമായി ഉറച്ചു. ഇപ്പോൾ പാർട്ടിയുടെ അധ്യക്ഷയും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ