റഷ്യ നീചരാഷ്ട്രം: ബ്രിട്ടൻ
Saturday, October 6, 2018 8:41 PM IST
ജോസ് കുന്പിളുവേലിൽ

ലണ്ടൻ: റഷ്യ നീചരാഷ്ട്രത്തിെൻറ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിൻ വില്യംസണ്‍. ലോകത്തെ പ്രമുഖ സ്ഥാപനങ്ങൾക്കും രാജ്യങ്ങൾക്കും നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗമാണെന്ന് ബ്രിട്ടൻ സൈബർ വിഭാഗം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

വീണ്ടുവിചാരമില്ലാത്ത നിലപാടുകളിൽനിന്ന് റഷ്യ പിൻമാാറണമെന്ന് നാറ്റോ മേധാവി ജെനസ് സ്റ്റോൾട്ടൻബർഗും പറഞ്ഞു. സുരക്ഷാ താൽപര്യങ്ങളില്ലാത്ത സ്ഥാപനങ്ങൾക്കെതിരായാണ് ആക്രമണങ്ങളുണ്ടായതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹൻറ് പറഞ്ഞു.

പടിഞ്ഞാറൻ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വരെ ഇടപെടാനുള്ള ശ്രമം നടന്നതായുള്ള ഗുരുതരമായ ആരോപണമാണ് റഷ്യയ്ക്കെതിരെ ഉയർന്നിരിക്കുന്നത്. 2016ലെ യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വിവരങ്ങൾ ചോർത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ സഹായിച്ചതായി നേരത്തേതന്നെ ആരോപണമുണ്ട്. ഇക്കാര്യത്തിൽ യുഎസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ബ്രിട്ടൻ ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ’ഗ്രൂ’ എന്നു വിളി പേരുള്ള സംഘത്തെക്കുറിച്ച് നേരത്തെയും വിവിധ രാജ്യങ്ങൾ ആരോപണമുയർത്തിയിരുന്നു.

അതിനിടെ കഴിഞ്ഞ മാർച്ചിൽ ബ്രിട്ടനിൽ രാസായുധാക്രമണത്തിനിരയായ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാൽ രാജ്യദ്രോഹിയും നികൃഷ്ടനുമാണെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രസ്താവിച്ചു. ഇയാൾക്കെതിരെ ആക്രമണമുണ്ടായശേഷം ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്. രാസായുധാക്രമണം യുകെ-റഷ്യൻ ബന്ധം വഷളാക്കാൻ തന്നെ കാരണമായിരുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് ബ്രിട്ടന്‍റെ ആരോപണം. ബ്രിട്ടന്‍റെ പുതിയ വെളിപ്പെടുത്തൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ ഹേഗിലെ അന്താരാഷ്ട്ര രാസായുധ വിരുദ്ധ സംഘടനയെ ലക്ഷ്യംവച്ച് സൈബർ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിട്ടതായി ഡച്ച് സുരക്ഷാവിഭാഗം വെളിപ്പെടുത്തി. സംഭവത്തിൽ നാലു റഷ്യൻ പൗരന്മാരെ രാജ്യത്തുനിന്ന് പുറത്താക്കുകയും റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തതായും അറിയിച്ചു.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ