ആരോഗ്യ മേഖലയിൽ അടിമുടി പരിഷ്കരണവുമായി ഫ്രാൻസ്
Saturday, September 22, 2018 8:25 PM IST
പാരീസ്: ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ രക്ഷാ സംവിധാനം എന്ന സ്ഥാനം വീണ്ടെടുക്കാൻ ഫ്രാൻസ് സമൂല പരിഷ്കരണങ്ങൾക്ക് തയാറെടുക്കുന്നു. എമർജൻസി വാർഡുകളിൽ ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും ഇല്ലാത്തതും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ കിട്ടാത്തതുമാണ് നിലവിൽ രാജ്യത്തെ ആരോഗ്യ സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളികൾ.

2000 ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ മികച്ച പ്രശംസ പിടിച്ചു പറ്റിയ ആരോഗ്യ സംവിധാനമാണ് ചുരുങ്ങിയ വർഷങ്ങൾക്കിടെ ദുഷ്പേര് കേൾപ്പിച്ചു തുടങ്ങിയത്. ഇതിന് അടിസ്ഥാനമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇമ്മാനുവൽ മാക്രോണിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ഉൗർജിത ശ്രമം.

എമർജൻസി വാർഡുകൾ തന്നെയാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. ജീവനക്കാരുടെ കുറവ് കാരണം, ഉള്ള ജീവനക്കാർ അമിത ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. മുഴുവൻ രോഗികളെയും ഉൾക്കൊള്ളാൻ എമർജൻസി വാർഡുകൾക്കു സാധിക്കുന്നുമില്ല. ഇതെല്ലാം ചേരുന്പോൾ രോഗികളുടെ രോഷത്തിനും ആശുപത്രികൾ പാത്രമാകുന്നതാണ് അവസ്ഥ.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഡോക്ടർമാരോ ആശുപത്രി സൗകര്യങ്ങളോ ഇല്ലാത്ത മെഡിക്കൽ ഡെസേർട്ട് എന്ന അവസ്ഥ നേരിടുന്നതായും സർക്കാരിനു വ്യക്തമായിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ തുടർ സമരങ്ങളും പ്രതിസന്ധി വർധിപ്പിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ