ജർമൻ ആരോഗ്യമേഖലയിൽ വീണ്ടും പ്രതിസന്ധി
Tuesday, September 11, 2018 11:10 PM IST
ബർലിൻ: മെർക്കൽ സർക്കാരിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ആരോഗ്യ മേഖല വീണ്ടും പ്രതിസന്ധിയിലേയ്ക്ക് എന്ന് റിപ്പോർട്ട്. രാജ്യത്ത് ആവശ്യത്തിനു നഴ്സുമാരില്ലാതെ ആശുപത്രികളും കെയർ ഹോമുകളും നട്ടം തിരിയുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്ന് ഈ വർഷം ആദ്യം എണ്ണായിരത്തോളം നഴ്സുമാരെ വിദേശങ്ങളിൽ നിന്നും അടിയന്തരമായി റിക്രൂട്ട് ചെയ്യാൻ മെർക്കൽ സർക്കാർ അനുമതി നൽകിയതനുസരിച്ച് ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഒട്ടനവധി നഴ്സുമാർ ജർമനിയിലേയ്ക്ക് തൊഴിലിനായി കുടിയേറി. എങ്കിലും ഇപ്പോഴും ആരോഗ്യ മേഖലയിൽ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ കാണിക്കുന്നത്.

അടുത്ത 17 വർഷത്തിനുള്ളിൽ, ജർമനിയിൽ പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം നാൽപതു ലക്ഷം ആയി ഉയരുമെന്നാണ് ഏറ്റവും ഒടുവിലത്തെ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് നഴ്സിംഗ് മേഖലയെ തളർത്തുമെന്നു മാത്രമല്ല, കൂടുതൽ സ്റ്റാഫിന്‍റെ കുറവ് വലിയൊരു ഭീഷണിയായി ഉയരുകയും ചെയ്യുന്നു.

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി തരണം ചെയ്യാൻ ജർമൻ ആരോഗ്യമന്ത്രി സ്റ്റെഫാൻ സ്ഫാൻ വിദഗ്ധരുമായി ആലോചിച്ച് മികവുറ്റ പദ്ധതികളാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിന് ചാൻസലർ മെർക്കലിന്‍റെ പ്രത്യേകം അനുവാദവുമുണ്ട്. മുൻ കാലങ്ങളിൽ മെർക്കലിനെ ഇക്കാര്യത്തിൽ നിശിതമായി വിമർശിച്ച ആളെന്ന നിലയിൽ അന്നു മന്ത്രിസ്ഥാനം ഇല്ലാതിരുന്ന സ്ഫാൻ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

നിലവിലെ വ്യവസ്ഥകളിൽ വിദേശത്തു നിന്നും നഴ്സുമാർ അധികം എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നല്ലാതെ ശ്രലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നഴ്സുമാർ ജർമനിയിൽ എത്തുന്നുണ്ട്. എന്നാൽ കെയർഹോമുകളിൽ ദിനംപ്രതി അഭ്യസ്ത വിദ്യരായ നഴ്സുമാരുടെ അഭാവം വലിയൊരു തടസമായി നിൽക്കുന്നുവെന്ന് കെയർഹോം, ഓൾഡ് ഏജ് ഹോം ഉടമകളുടെ സംഘടന തന്നെ വെളിപ്പെടുത്തുന്നു. മുന്നു വിധത്തിലുള്ള ഷിഫ്റ്റ് ജോലി സന്പ്രദായമാണ് ഈ മേഖലയിലുള്ളത്. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ജർമനിയിൽ നഴ്സിംഗ് മേഖലയിൽ നൽകുന്ന ശന്പളം കുറവാണെന്ന കാരണവും അധിക ജോലി ഭാരവും ഷിഫ്റ്റ് രീതികളും ജർമൻകാരെ ഈ മേഖലയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന ഘടകങ്ങളാണ്.

ആരോഗ്യ മന്ത്രി സ്ഫാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് 2019 ഓടെ നടപ്പിലാക്കുമെന്നാണ് അവകാശപ്പെടുന്നത്. ഈ മേഖലയിൽ അടിമുടി മാറ്റം വരുത്തിയാൽ മാത്രമേ ജർമനിയിലെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷപെടാനാവൂ എന്നാണ് ജർമൻ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മിഷായേൽ ഹ്യൂതർ പറയുന്നത്.

അടിയന്തരമായി 13,000 നഴ്സിംഗ് വിദഗ്ധരെ നിയമിക്കാൻ ഉത്തരവട്ടതായി മന്ത്രിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്. അതിനുള്ള ഫണ്ടും നൽകിയതായി മന്ത്രി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ അടുത്ത വർഷം മുതൽ ഇൻഷ്വറൻസ് വിഹിതം കൂടുതൽ അടയ്ക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

നഴ്സിംഗിനു പുറമെ ജർമൻ ഭാഷയിൽ ബി 2(ആ 2) ലെവൽ പസായവരും ജർമനിയിലെ ഏതെങ്കിലും ഒരു ആശുപത്രിയിൽ നിന്നോ, കെയർ ഹോമുകളിൽ നിന്നോ, ഓൾഡ് ഏജ് ഹോമുകളിൽ നിന്നോ ജോലി ഓഫർ ലഭിച്ചിട്ടുള്ളവർക്ക് ജർമനിയിൽ ജോലി തേടാൻ അവസരങ്ങൾ നിരവധിയാണ്. ഇതിനായി കേരളത്തിൽ ഒരു ഏജന്‍റിനെയും ജർമൻ സർക്കാർ നിയമിച്ചിട്ടില്ല എന്ന കാര്യംകൂടി ശ്രദ്ധിക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ