യുവതലമുറയ്ക്ക് പ്രചോദനമായി "റിവൈവ് 25’ യൂത്ത് കോണ്‍ഫറന്‍സ് ബര്‍ലിനില്‍ സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലില്‍
Thursday, October 23, 2025 7:13 AM IST
ബര്‍ലിന്‍ : ജര്‍മ്മനിയിലെ ബര്‍ലിനില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ "റിവൈവ് 25’ സംഘടിപ്പിച്ചു.
യുവജനതയുടെ ആത്മീയ നവീകരണം, കൂട്ടായ്മ, ശാക്തീകരണം എന്നിവയ്ക്കായി ’എഴുന്നേല്ക്കൂ, പ്രകാശിക്കൂ ’ എന്ന ചിന്താവിഷയത്തോടെ രണ്ടു ദിവസങ്ങളിലായി നടന്ന യുവജനസംഗമം ആത്മീയ ഉണര്‍വും പ്രചോദനവുമേകി. ബര്‍ലിനിലെ സെന്റ് ഏലിയാസ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് പള്ളിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.

ഒക്ടോബര്‍ 18,19 തീയതികളില്‍ നടന്ന യൂത്ത് കോണ്‍ഫറന്‍സ് യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മോര് തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.
പഠനത്തിനും ജോലിക്കുമായി യൂറോപ്പിലേക്ക് കുടിയേറിയിരിക്കുന്ന നൂറുകണക്കിന് സഭാമക്കള്‍ക്ക് തൊഴില്‍സാധ്യതകളുടെയും സാമ്പത്തിക പുരോഗതിയുടെയും വാതിലുകള്‍ തുറന്നുകൊടുക്കുമ്പോള്‍, മറുവശത്ത് വര്‍ദ്ധിച്ചുവരുന്ന സെക്കുലറിസവും ദൈവനിഷേധവും അവരുടെ വിശ്വാസജീവിതത്തിനും ആത്മീയ മൂല്യങ്ങള്‍ക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് മെത്രാപ്പോലീത്ത ഓര്‍മ്മപ്പെടുത്തി.

യൗസേപ്പ് ഭവനത്തില്‍ എത്തിയപ്പോള്‍ നശിക്കുവാന്‍ അനവധി സാധ്യതകള്‍ ഉണ്ടായിരുന്നുവെങ്കിലും, താന്‍ ആരാണെന്നും ദൈവം തന്നെയെന്തിനാണ് അയച്ചിരിക്കുന്നതെന്നും ബോധ്യപ്പെട്ടതുകൊണ്ടാണ് അവന് ദൈവാശ്രയത്തിലും ആത്മീയതയിലും ഉറച്ചു നിന്നത്. അതുകൊണ്ടുതന്നെ അവന് മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി തീര്‍ന്നുവെന്ന് എന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
യൂറോപ്പില്‍ ആദ്യമായാണ് ഇത്തരമൊരു യുവജന സംഗമം നടക്കുന്നത്. സമീപകാലത്ത് യൂറോപ്പിലേയ്ക്ക് കുടിയേറുന്ന സഭാമക്കള്‍ പരസ്പരം പരിചയപ്പെടാനും, വിശ്വാസാധിഷ്ഠിതമായ കമ്മ്യൂണിറ്റി ബന്ധം വളര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്നും മെത്രാപ്പോലീത്ത വിശദീകരിച്ചു.
ആറും ഏഴും മണിക്കൂര്‍ ദൂരങ്ങള്‍ യാത്ര ചെയ്ത് ആരാധനയ്ക്കായി പള്ളികളില്‍ എത്തിച്ചേരുന്ന നമ്മുടെ യുവതീ~യുവാക്കള്‍ സഭയ്ക്ക് അഭിമാനവും പ്രതീക്ഷയുമാണ്. അവരുടെ ഈ ത്യാഗവും വിശ്വാസനിഷ്ഠയും പരിശുദ്ധ സഭയുടെ ഭാവിക്ക് പ്രത്യാശയാണ്. യൂറോപ്പിലെ ഈ യുവജന സംഗമം അതിന്റെ തെളിവായി മാറിയിരിക്കുന്നുവെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
ഭദ്രാസനത്തിലെ വൈദീകരായ ജോഷ്വ റമ്പാന്, ഫാ. തോമസ് മണിമല, ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍, ഫാ. രെഞ്ചു കുര്യന്, ഫാ. പോള്‍ പുന്നയ്ക്കല്‍, ഫാ. എല്‍ദോസ് പുല്ലംപറമ്പില്‍, ഫാ. മുറാറ്റ് യൂസില്‍ (സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബര്‍ലിന്‍), ഫാ. ബുര്‍ഖാര്‍ഡ് ബോണ്മാന് (ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബര്‍ലിന്‍), വര്‍ഗീസ് അബ്രഹാം (മ്യൂണിക്ക്) എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്കി.
തീമാറ്റിക് ക്ലാസുകള്‍, സംവേദനാത്മക സെഷനുകള്‍, യുവജന വര്‍ക്ക്ഷോപ്പുകള്‍, ആത്മീയ ധ്യാനം, വി. കുമ്പസാരം, വി. കുര്‍ബ്ബാന, കലാ~സാംസ്കാരിക പരിപാടികള്‍, ക്യാമ്പ്ഫയര്‍ ഫെലോഷിപ്പ് എന്നിവയോടൊപ്പം കുടിയേറ്റ യുവാക്കള്‍ നേരിടുന്ന സമകാലിക വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെടുത്തിയ കോണ്‍ഫറന്‍സ് ആത്മീയതയും അനുഭവസമ്പത്തും നിറഞ്ഞ സമഗ്രമായ സംഗമമായി.
യൂറോപ്പിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഏകദേശം നൂറോളം യുവാക്കളുടെ പങ്കാളിത്തം സമ്മേളനത്തിന് ഊര്‍ജസ്വലതയും ഉണര്‍വുമേകി. പരിപാടിയിലുടനീളം സൗഹൃദപരവും പ്രചോദനാത്മകവുമായ അന്തരീക്ഷം നിലനിന്നത് യുവജനങ്ങളില്‍ ആത്മീയ ചൈതന്യവും കൂട്ടായ്മയുടെ ബോധവുമുണര്‍ത്തി. വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് അഗാപ്പെയുമായാണ് സമ്മേളനം സമാപിച്ചത്.