മന്പാട് പുഴയോരത്തെ വാതക ശ്മശാനം പ്രശാന്തിതീരം ഒക്ടോബർ ഒന്നു മുതൽ പ്രവർത്തനം തുടങ്ങും
1225798
Thursday, September 29, 2022 12:27 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ മന്പാട് പുഴയോരത്ത് ചെടികളുടെയും പൂക്കളുടെയും വർണപ്രപഞ്ചമൊരുക്കി അത്യാധുനിക സജീകരണങ്ങളോടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ള വാതക ശ്മശാനം ഒക്ടോബർ ഒന്ന് മുതൽ പ്രവർത്തന സജ്ജമാകും. മൃതദേഹം സംസ്ക്കരിക്കുന്നതിന് പഞ്ചായത്തിലുള്ളവർക്ക് 2500 രൂപയും മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ 3000 രൂപയുമാണ് ചാർജ്. അതാത് വാർഡ് മെന്പറുടെ സാഷ്യപത്രവും മരിച്ചയാളുടെ ആധാർ കാർഡിന്റെ കോപ്പിയും സഹിതം പഞ്ചായത്ത് ഓഫീസിൽ പണം അടക്കണം. മുൻഗണനാക്രമത്തിലാണ് മൃതദേഹങ്ങൾ സംസ്ക്കാരത്തിനായി എടുക്കുകയെന്ന് അധികൃതർ അറിയിച്ചു. ഏറേ മനോഹരമായിട്ടാണ് ഒരു ഏക്കറോളം സ്ഥലത്ത് ക്രിമിറ്റോറിയം ക്രമീകരിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്തും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഒരു കോടിയോളം രൂപ ചെലവിൽ മന്പാട് മെയിൻ റോഡിൽ നിന്നും അര കിലോമീറ്റർ മാറി മംഗലം പുഴയോരത്ത് ശാന്തിതീരം ഒരുക്കിയിട്ടുള്ളത്. നേരത്തേയും ഇവിടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചിരുന്നു.എന്നാൽ പൊന്തക്കാട് കയറി പഴയ കാലത്തെ ചുടല പോലെയായിരുന്നു പ്രദേശം.ചെളിക്കെട്ട് നിറഞ്ഞ സ്ഥലം.
എന്നാൽ ശ്മശാനങ്ങളും ഹരിതാഭവും മനോഹരവുമാകണമെന്ന സർക്കാർ കാഴ്ചപ്പാടിലാണ് മന്പാട് ശ്മശാനവും ഇപ്പോൾ പുതുമകൾ കൊണ്ട് ശ്രദ്ധേയമായിട്ടുള്ളത്. ലാന്റ് സ്ക്കേപ്പ് എൻജീനിയർ എളനാട് സ്വദേശി സാബു മാത്യുവിന്റെ സഹായത്തോടെയാണ് ശ്മശാനത്തിന്റെ പഴയ കാല സങ്കല്പങ്ങളെല്ലാം മാറ്റിമറിക്കുന്ന ശ്മശാനം ഒരുങ്ങിയിട്ടുള്ളത്. വിവിധ വർണങ്ങളിലുള്ള പൂച്ചെടികൾ, ചെലവ് കുറഞ്ഞ ഇല ചെടികൾ, തണൽമരങ്ങൾ, അലങ്കാര പനകൾ, മുള തുടങ്ങിയവയുടെ സങ്കലനമാണ് ശ്മശാനത്തിന് ദൃശ്യവിരുന്നൊരുക്കുന്നത്. ചെലവ് കുറഞ്ഞ ഇല ചെടികളുടെ കളർ മിക്സിംഗാണ് കാഴ്ചവട്ടങ്ങൾക്ക് കൊതിയുണർത്തുന്നത്. ചെടികളുടെ പരിചരണത്തിനും ജലസേചനത്തിനും സംവിധാനമുണ്ട്.