ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് പണവും ലോട്ടറിയും കവർന്നു
1561015
Tuesday, May 20, 2025 2:17 AM IST
കുട്ടനെല്ലൂർ: ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ബൈക്കിലെത്തിയ യുവാവ് 6,000 രൂപ കവർന്നു. എരവിമംഗലം സ്വദേശി ആദംകാവിൽവീട്ടിൽ രാമദാസിന്റെ പണമാണ് നഷ്ടമായത്.
കുട്ടനെല്ലൂർ ദേശീയപാതയിൽ ലോട്ടറി വിൽപ്പന നടത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് 500 രൂപ സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ് നമ്പർ തിരുത്തിയ 12 ടിക്കറ്റുകൾ നൽകിയാണ് പണം തട്ടിയത്. 3000 രൂപ പണമായും ബാക്കി 3000 രൂപക്കുള്ള ലോട്ടറി ടിക്കറ്റും കൈക്കലാക്കിയ ഇയാൾ ഉടൻ സ്ഥലംവിട്ടു. ഈ ലോട്ടറികൾ രാമദാസ് മാറുന്നതിനായി ഏജൻസിയിൽ നൽകിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. 148235 എന്ന യഥാർഥ നമ്പർ തിരുത്തി, 143235 എന്നാക്കിയാണ് യുവാവ് തട്ടിപ്പുനടത്തിയത്. വാടകവീട്ടിൽ കഴിയുന്ന രാമദാസിന് ഭാര്യയും മുന്ന് ആൺമക്കളുമാണുള്ളത്. ഇതിൽ ഒരു മകൻ കിഡ്നി തകരാർ മൂലം ചികിത്സയിലാണ്.
ഓരോദിവസവും ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന രാമദാസിന് കടുത്ത സാമ്പത്തിക നഷ്ടമാണിതുണ്ടാക്കിയത്. കബളിപ്പിക്കപ്പെട്ട കാര്യം പരാതിനൽകാൻ ഒല്ലൂർ പോലീസ്സ്റ്റേഷനിൽ എത്തിയ രാമദാസിന്റെ വിവരങ്ങളറിഞ്ഞ എസ്ഐ ജയന് ലോട്ടറി എടുക്കാൻ ആവശ്യമായ പണം രാമദാസിന് നൽകി.
കബളിപ്പിച്ച യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാമദാസും ഒല്ലൂർ പോലീസും. സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് പോലീസ് അന്വേഷണംശക്തമാക്കി.