ബസും സ്കൂട്ടറും കൂടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1560929
Monday, May 19, 2025 11:30 PM IST
വാടാനപ്പിള്ളി: ദേശീയപാത 66 ഗണേശമംഗലത്ത് ഇലക്ട്രിക് സ്കൂട്ടറിനു പിറകിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഗണേശമംഗലം ബീച്ച് കദീജുമ്മ സ്കൂളിനു സമീപം രായംമരയ്ക്കാർ വീട്ടിൽ കുഞ്ഞുമോൻ മകൻ അഷ്റഫ്(65) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഗണേശമംഗലത്ത് ഹൈവേയിൽ നിന്ന് ബീച്ച് റോഡിലേക്ക് തിരിയുന്നതിനിടെ തൃശൂരിൽ നിന്ന് ചേറ്റുവയിലേക്ക് പോകുന്ന കീർത്തനം ബസ് സ്കൂട്ടറിനു പിറകിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ റോഡിൽ തലയിടിച്ചുവീണ അഷറഫിനെ വാടാനപ്പിള്ളി ആക്ട്സ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും. ഭാര്യ: ഷാജിത. മക്കൾ: ആഷിഖ്, ഷാനു.