ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി
1560744
Monday, May 19, 2025 1:29 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ കൊട്ടിലാക്കല്‍ പറമ്പില്‍ കെട്ടിയിരുന്ന ആനയെ ഈ പറമ്പില്‍ തന്നെ കുളിപ്പിക്കുന്നതിനായി ഷവര്‍ ബാത്തിനരികിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. മുകളില്‍നിന്നും മരകൊമ്പ് വീഴുന്ന ശബ്ദംകേട്ട് പേടിച്ചതാകാം ആന ഇടയാന്‍ കാരണമായി കരുതുന്നത്.
കൊട്ടിലാക്കല്‍ പറമ്പില്‍ നിന്നും ഗേറ്റ് വഴി ക്ഷേത്രത്തിനു മുന്നിലൂടെ മഹാത്മഗാന്ധി റീഡിംഗ് റൂം വരെ ഓടിയ ആനയെ പാപ്പാന്മാര് പിന്തുടര്ന്ന് തളക്കുകയായിരുന്നു.
ആറാട്ടുകഴിഞ്ഞ് ആല്‍ത്തറയില്‍ നിന്നും തിരിച്ചെഴുന്നള്ളിപ്പിനായി മാറ്റി നിര്‍ത്തിയിരുന്ന അമ്പാടി മഹാദേവന് എന്ന ആനയാണ് ഓടിയത്.
കഴിഞ്ഞ ദിവസം ഇതേ ആന പീച്ചിയില്‍ രാജീവ് എന്ന ആനയുമായി രാത്രിയില്‍ എഴുന്നള്ളിപ്പിനിടെ കൊമ്പുകോര്‍ത്തിരുന്നു.
ആനയുടെ മദപ്പാട് പരിശോധിക്കണമെന്നും ഇതിനായി രക്തപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയതായി ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം പറഞ്ഞു.