മിന്നുംവിജയത്തിൻ തിടന്പേറ്റിയ പ്രതിഭകളെ ദീപിക ആദരിച്ചു
1560481
Sunday, May 18, 2025 1:29 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സ്കൂൾകാലഘട്ടത്തിലെ ഏറ്റവും പ്രധാന കടന്പകളിലൊന്നായ പത്താംക്ലാസിൽ മിന്നുംവിജയത്തിൻ തിടന്പേറ്റിയ വിദ്യാർഥിപ്രതിഭകളെയും നൂറുശതമാനം വിജയത്തിന്റെ വർണക്കുട ചൂടിയ സ്കൂളുകളെയും ആദരിച്ചനുമോദിച്ച് ദീപിക.
തൃശൂർ സെന്റ് മേരീസ് കോളജ് (ഓട്ടോണമസ്) ഓഡിറ്റോറിയത്തിൽ നടന്ന ആദരം പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്തു. സർട്ടിഫിക്കറ്റുകളും മെഡലുകളും മെമന്റോകളും അദ്ദേഹം വിതരണം ചെയ്തു.
അവസരങ്ങൾ കൃത്യമായി കണ്ടെത്തുകയും അവ മനസിലാക്കി ശരിയായി വിനിയോഗിക്കുകയും ചെയ്താൽ ജീവിതവിജയം ഉറപ്പാണെന്നു ജില്ലാ കളക്ടർ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഓർമിപ്പിച്ചു.
ദീപിക ആദ്യ സ്കൂൾ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൗഢോജ്വലമായ ചടങ്ങിൽ ജില്ലയിലെ ആയിരത്തിലധികം വിദ്യാർഥികളാണ് ഭാഗമായത്. സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നമിത റോസ് സിഎംസി അധ്യക്ഷത വഹിച്ചു. ആദ്യ ഇന്റഗ്രേറ്റഡ് സ്കൂൾ ഓഫ് കൊമേഴ്സ് എംഡി കെ.വി. ഷാഹുൽ ഹമീദ് നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ ആദരിച്ചു.
വിദ്യാർഥികൾക്കു വിദ്യാഭ്യാസരംഗത്തെ മികച്ച അവസരങ്ങൾ കണ്ടെത്തുന്നതിനായി കരിയർ എക്സ്പർട്ട് വി.ആർ. അജീഷിന്റെ ക്ലാസും ഉണ്ടായിരുന്നു. ദീപിക തൃശൂർ പ്രോജക്ട് കോഓർഡിനേറ്റർ പി.ജെ. ആന്റു നന്ദിപറഞ്ഞു.