പഞ്ചാരി പെയ്തിറങ്ങി; അവസാന ശീവേലിക്ക് ആയിരങ്ങൾ സാക്ഷി
1560472
Sunday, May 18, 2025 1:29 AM IST
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന അവസാന ശീവേലിക്ക് ആയിരങ്ങൾ സാക്ഷിയായി.
രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവാന്റെ തിടന്പ് കുട്ടൻകുളങ്ങര അർജുനൻ ശിരസിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകന്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തിന്റെ പതികാലം ഉയർന്നു.
തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെ നടപ്പുരയിലും കൊട്ടിത്തീർത്തു. കുലീപിനി തീർഥക്കരയിലൂടെ ചെന്പടകൊട്ടി കിഴക്കേനടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ മേളം കലാശിച്ചു. 17 ഗജവീരൻമാരാണ് എഴുന്നള്ളത്തിന് അണിനിരന്നത്.