മാർപാപ്പയുടെ സ്ഥാനാരോഹണം ; വിശുദ്ധ കുർബാന അർപ്പിക്കാനും സ്തോത്രഗീതമാലപിക്കാനും ആഹ്വാനം
1560466
Sunday, May 18, 2025 1:29 AM IST
തൃശൂർ: ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് പള്ളികളിൽ വിശുദ്ധ കുർബാന അർപ്പിക്കാനും സ്തോത്രഗീതം ആലപിക്കാനും ആഹ്വാനംചെയ്ത് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
പുതിയ മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിക്കാൻ അതിരൂപതാതലത്തിലുള്ള സ്തോത്രബലി ഇന്നു രാവിലെ 7.30ന് ലൂർദ് കത്തീഡ്രലിൽ നടക്കും. അതിരൂപതയിൽ ഈ വർഷം ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾക്കുള്ള അതിരൂപതാതല സ്വീകരണവും വിശുദ്ധ കുർബാനയും ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും.
138-ാം അതിരൂപതാദിനാഘോഷങ്ങൾ കണ്ടശാംകടവ് ഫൊറോന പള്ളിയിൽ 20ന് ഉച്ചയ്ക്കുശേഷം രണ്ടിന് അതിരൂപതയിൽനിന്നുള്ള മെത്രാന്മാരുടെയും എല്ലാ വൈദികരുടെയും കാർമികത്വത്തിൽ നടക്കും. വിശുദ്ധ കുർബാനയ്ക്കുശേഷമുള്ള പൊതുയോഗത്തിൽ കണ്ടശാംകടവ് ഫൊറോനയിലെ ഇടവകകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കുമെന്നും ആർച്ച്ബിഷപ് പത്രക്കുറിപ്പിൽ അറിയിച്ചു.