ആമ്പല്ലൂരിലെ കുരുക്കിനു താത്കാലിക പരിഹാരം; സര്‍വീസ് റോഡ് വീതികൂട്ടി
1560215
Saturday, May 17, 2025 1:23 AM IST
ആമ്പല്ലൂര്‍: ഗതാഗതക്കുരുക്കിനു താത്കാലികപരിഹാരമായി സര്‍വീസ് റോഡിന്റെ വീതികൂട്ടി. അടിപ്പാതനിര്‍മാണം പുരോഗമിക്കുന്ന ആമ്പല്ലൂരില്‍ ചാലക്കുടി ഭാഗത്തേക്കുള്ള യാത്രാതടസങ്ങള്‍ ഒഴിവാക്കാനാണ് സര്‍വീസ് റോഡിന്റെ വീതികൂട്ടിയത്.
സര്‍വീസ് റോഡിന്റെ വീതിക്കുറവ് വന്‍ഗതാഗതക്കുരുക്കാണ് ഉണ്ടാക്കിയിരുന്നത്. സ്ഥിരമായി ഗതാഗതക്കുരുക്കിലായതോടെ കടുത്ത പ്രതിഷേധത്തിലായിരുന്നു യാത്രക്കാര്‍. ആമ്പല്ലൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൂര്‍ണമായും പൊളിച്ചുനീക്കി യാത്രാദുരിതത്തിന് പരിഹാരം കാണുവാന്‍ ആര്‍ടിഒ, പോലീസ്, എന്‍എച്ച്എഐ നിര്‍ദേശം നല്‍കിയിരുന്നു.
യുടേണിലേക്കുള്ള പ്രവേശനവും ഇന്നലെ രാവിലെമുതല്‍ സുഗമമാക്കി. ജംഗ്ഷന്‍മുതല്‍ പുതിയ ബസ് സ്റ്റോപ്പ് നിര്‍മിക്കാന്‍ നിര്‍ദേശിച്ച ഭാഗംവരെ സര്‍വീസ് റോഡ് ഉയരംകൂട്ടി ടാര്‍ ചെയ്തു. ടാര്‍ ചെയ്ത ഭാഗം ഉറയ്ക്കുന്നതുവരെ സര്‍വീസ് റോഡിലൂടെ ഗതാഗതം താത്കാലികമായി തടഞ്ഞിരിക്കുകയാണ്. അടിപ്പാതയോടു ചേര്‍ന്നുതന്നെ ദേശീയപാതയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ഇതിനായി കഴിഞ്ഞദിവസം സര്‍വീസ് റോഡ് വീതികുറച്ച് അപ്രോച്ച് റോഡിന്റെ അടിത്തറയ്ക്കായി എടുത്ത കുഴികള്‍ മൂടി. ഇതോടെ യൂടേണും സുഗമമായി.
ഇന്നലെ രാവിലെമുതല്‍ ആമ്പല്ലൂരില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.