തൃശൂർ: തൃശൂർ - കുറ്റിപ്പുറം റോഡിൽ 59.64 ലക്ഷം രൂപയ്ക്കു ഭരണാനുമതി ലഭിച്ച അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർമാണപുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രദേശം സന്ദർശിച്ചു.
നിലവിൽ റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിൽ ജിഎസ്ബി വിരിച്ച് നിരപ്പാക്കുന്ന പണികൾ നടത്തിയിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സമയങ്ങളിൽ മെറ്റൽ ഉപയോഗിച്ച് കുഴിയടയ്ക്കുന്ന പണികളും ടാറിംഗ് ജോലികളും പുരോഗമിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനു ജില്ലാ കളക്ടർ നിർദേശം നൽകി. തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാത റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിനായി 206.87 കോടി രൂപയുടെ ബാലൻസ് വർക്ക് എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 ഓടെ ടെൻഡർ ചെയ്യാനാകുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു.