കരതൊടാതെ മാരിയിൽ കലുങ്ക് പാലം; കടക്കാനാകുമോ അക്കരെയിക്കരെ
1464932
Wednesday, October 30, 2024 4:05 AM IST
എങ്ങുമെത്താതെ അപ്രോച്ച് റോഡ്
തൊടുപുഴ: നിർമാണം തുടങ്ങി പത്തു വർഷം പിന്നിട്ടെങ്കിലും മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് കര തൊടുന്നില്ല. ഒരു കരയിൽ അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകാറായിട്ടും മറുകരയിലെ നിർമാണം എങ്ങുമെത്തിയിട്ടില്ല. അപ്രോച്ച് റോഡ് നിർമാണത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടും നിർമാണം നടത്താത്തതിനു പിന്നിൽ സർക്കാർ അനാസ്ഥയാണെന്നാണ് ആക്ഷേപം.
പാലത്തിന്റെ മാരിയിൽ കലുങ്ക് ഭാഗത്തെ നിർമാണമാണ് ഇപ്പോൾ പൂർത്തിയാകാറായത്. ടാറിംഗ് ജോലികൾ മാത്രമാണ് ഇനി നടക്കാനുള്ളത്. പി.ജെ. ജോസഫ് എംഎൽ എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.80 കോടി ഉപയോഗിച്ചുള്ള നിർമാണ ജോലികളാണ് പുരോഗമിക്കുന്നത്. ഏതാനും ദിവസത്തിനുള്ളിൽ ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി റോഡ് ഗതാഗതസജ്ജമാകും.
എന്നാൽ പാലത്തിന്റെ മറുകരയിലേയ്ക്ക് എങ്ങനെ കടക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. മൂന്നു വർഷത്തിനു മുന്പുതന്നെ ഇവിടെ അപ്രോച്ച് റോഡ് നിർമാണത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയായതാണ്. സ്വകാര്യ വ്യക്തികളുമായുള്ള തർക്കവും ജില്ലാ ഭരണകൂടം ഇടപെട്ട് പരിഹരിച്ചു. സ്ഥലമുടമകൾക്ക് നഷ്ടപരിഹാരവും നൽകി.
ഇവിടെ അപ്രോച്ച് റോഡ് നിർമാണത്തിനായി 90 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി നിർമാണം നടത്തിയാൽ മതിയെന്നിരിക്കെയാണ് പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത്.
തൊടുപുഴയാറിനു കുറുകെ കാഞ്ഞിരമറ്റത്തെയും ഒളമറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 2013ലാണ് തറക്കല്ലിട്ടത്. രണ്ടു വർഷം കൊണ്ട് 2015ൽ പാലം നിർമാണം പൂർത്തിയായി. പിന്നീടാണ് അപ്രോച്ച് റോഡിനായി നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയത്. ഇതിനിടെ മന്ത്രി മുഹമ്മദ് റിയാസും പാലം സന്ദർശിച്ചു. അപ്രോച്ച് റോഡ് നിർമിച്ച് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി മാറി.
അപ്രോച്ച് റോഡ് പൂർത്തീകരിച്ചാൽ ഇടുക്കി റോഡിൽനിന്നു വരുന്ന വാഹന യാത്രക്കാർക്ക് ഇതുവഴി കാഞ്ഞിരമറ്റം, തെക്കുംഭാഗം, ഇടവെട്ടി, ആലക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം കടന്നുപോകാൻ സാധിക്കും. തൊടുപുഴ ഭാഗത്തുനിന്നുള്ള യാത്രക്കാർക്കും ഇത് ഏറെ ഗുണകരമാകും. ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാനാകും.
കാഞ്ഞിരമറ്റത്തുനിന്ന് മുതലിയാർമഠം പ്രദേശത്തു കൂടി കാരിക്കോട് എത്തിച്ചേരുന്ന പുതിയ ബൈപാസ് നിർമിക്കാനും ലക്ഷ്യമുണ്ട്. ഇതു തൊടുപുഴ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിന് ഗുണകരമാകും.