ഏലയ്ക്കാ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
1464922
Tuesday, October 29, 2024 8:15 AM IST
രാജാക്കാട്: രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഏലയ്ക്കാ മോഷ്ടിച്ചു വിറ്റ രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബോഡി മല്ലിംഗാപുരം കർണരാജ (28), മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പൻ (31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19ന് രാത്രി 11ന് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിന്റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു ചാക്ക് ഏലയ്ക്കായയിൽനിന്ന് 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലയ്ക്കായാണ് പ്രതികൾ മോഷ്ടിച്ചത്.
മോഷ്ടിച്ച ഏലയ്ക്കാ രണ്ടാം പ്രതി മുത്തുക്കറുപ്പന്റെ കെഎൽ 50 8397 ബൊലേറോ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിൽ വിറ്റു. തുടർന്ന് ഒന്നാം പ്രതിയായ കർണരാജയെ മല്ലിംഗാപുരത്ത് കൊണ്ടുപോയി വിട്ടശേഷം മുത്തുക്കറുപ്പൻ മടങ്ങിപ്പോന്നു.
മുത്തുക്കറുപ്പന്റെ ഭാര്യവീട് മല്ലിംഗാപുരത്താണ്. മോഷണം നടന്ന എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിർദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം 27 ന് വൈകുന്നേരം മല്ലിംഗാപുരം മദ്യഷാപ്പിന് സമീപത്തുനിന്നു കർണരാജയെ പിടികൂടി. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാവടി ചന്ദനപ്പാറ സൂര്യാ പ്ലാന്റേഷൻ ലയത്തിൽ താമസിക്കുന്ന മുത്തുക്കറുപ്പനെ അറസ്റ്റ് ചെയ്ത് വാഹനവും കസ്റ്റഡിയിലെടുത്തു.
മൂന്നാർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാർ, എസ്ഐമാരായ സജി എൻ. പോൾ, കെ.എൽ. സിബി, എസ്സിപി ഒ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.