ജില്ലയിൽ ജൈവവൈവിധ്യ പാർക്കുകൾ നിർമിക്കുന്നു
1560857
Monday, May 19, 2025 6:20 AM IST
കൽപ്പറ്റ: ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ നിർമിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 10 ജൈവവൈവിധ്യ പാർക്കുകളാണ് നിർമിക്കുന്നത്.
പ്രകൃതി സംരക്ഷണം മുൻനിർത്തി നൂൽപ്പുഴ കലൂർ പുഴയോരം, നേൻമേനി താളൂർ ചിറ, മീനങ്ങാടി പുറക്കാടി), പുൽപ്പള്ളി മുണ്ടക്കുറ്റിക്കുന്ന്, തിരുനെല്ലി തൃശിലേരി, എടവക വാളോരി, പൊഴുതന ആനോത്ത്, വെങ്ങപ്പള്ളി ഓടന്പംപൊയിൽ, മേപ്പാടി കാഷ്മീർ, വൈത്തിരി ടൗണ്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിൽ 28 ജൈവവൈവിധ്യ പാർക്കുകളാണ് നിർമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പാർക്കുകളിൽ സ്വാഭാവിക സസ്യജാലങ്ങൾ നട്ടുപിടിപ്പിക്കും. ട്രീ ഗാർഡൻ, ജൈവവേലി, കുളം എന്നിവ ഓരോ പാർക്കിലും ഉണ്ടാകും.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പാർക്കിൽ ഓപ്പണ്‍ ജിം, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കാനും വിനോദകേന്ദ്രമായി മാറ്റാന്നും ആലോചനയുണ്ടെന്ന് തൊഴിലുറപ്പ് പദ്ധതി കോ ഓർഡിനേറ്റർ പി.സി. മജീദ് പറഞ്ഞു.