കൽപ്പറ്റ - ചൂരൽമല ബസ് സർവീസ് പുനരാരംഭിച്ചു
1443062
Thursday, August 8, 2024 5:33 AM IST
കൽപ്പറ്റ: കൽപ്പറ്റ - ചൂരൽമല റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനുശേഷം ആദ്യമായാണ് ഈ റൂട്ടിൽ ബസ് ഗതാഗതം. രാവിലെ 6.10 മുതൽ രണ്ട് ബസുകൾ അഞ്ചുവീതം ട്രിപ്പുകളാണ് എടുത്തത്. ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലത്തിനടുത്തുവരെയാണ് സർവീസ്.
ബെയ്ലി പാലമാണ് ചൂരൽമലയെ മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്. ഉരുൾവെള്ളം ഒഴുകിയ മുണ്ടക്കൈയിൽനിന്നു ജീവൻ തിരിച്ചുപിടിച്ചവർ ദുരിതാശ്വാസ ക്യാന്പുകളിലാണ്. തോട്ടം തൊഴിലാളികളും ചെറുകിട കർഷകരും ഉൾപ്പെടെ താമസിക്കുന്ന പ്രദേശമാണ് അട്ടമല.
ഉരുൾപൊട്ടലിനെത്തുടർന്ന് അട്ടമലയിൽ കുടുങ്ങിയ ബസ് കഴിഞ്ഞ ദിവസമാണ് ഡിപ്പോയിൽ എത്തിച്ചത്. ചൂരൽമലയിൽ താത്കാലിക മൊബൈൽ ടവർ പ്രവർത്തനസജ്ജമായി. ഇൻഡസ് ടവേഴ്സാണ് ടവർ സ്ഥാപിച്ചത്. മൂന്ന് സ്വകാര്യ കന്പനികളുടെ നെറ്റ്വർക്ക് ആന്റിനകൾ ടവറിൽ ചാർജ് ചെയ്തു.
20 ദിവസത്തോളം ടവർ ഇവിടെ ഉണ്ടാകും. ടവർ സ്ഥാപിച്ചതോടെ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാ, തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനം സുഗമമായി.