കേരള കാർഷിക സർവകലാശാലയ്ക്കു "ബെസ്റ്റ് പെർഫോമർ' അംഗീകാരം
1431016
Sunday, June 23, 2024 6:00 AM IST
കൽപ്പറ്റ: കേന്ദ്ര സഹായത്തോടെ കേരള കാർഷിക സർവകലാശാലയിൽ നടപ്പാക്കുന്ന സുഗന്ധ തെല വിള വികസനത്തിനു അംഗീകാരം. 2023-24ലെ പ്രവർത്തന മികവിന് സർവകലാശാലയ്ക്ക് ന്ധബെസ്റ്റ് പെർഫോമർന്ധ അംഗീകാരം ലഭിച്ചു. ദേശീയതലത്തിൽ അടയ്ക്ക സുഗന്ധവിള ഗവേഷണ ഡയറക്ടറേറ്റിനു കീഴിലെ 47 കേന്ദ്രങ്ങളിൽനിന്നാണ് കേരള കാർഷിക സർവകലാശാലയെ അംഗീകാരത്തിനു തെരഞ്ഞെടുത്തത്.
അടയ്ക്ക-സുഗന്ധവിള ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ സുഗന്ധതൈലവിള വികസനത്തിനു മേൻമയുളള നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും മികച്ച സാങ്കേതിക വിദ്യയുടെ പ്രചാരണവുമാണ് സർവകലാശാല പ്രധാനമായും നടപ്പാക്കുന്നത്.
ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗവിമുക്തമായ ഇഞ്ചിയുടെ ഉത്പാദനം വിവിധ ജില്ലകളിലെ കർഷകരുടെ തോട്ടങ്ങളിൽ സർവകലാശാല പ്രദർശിപ്പിക്കുകയുണ്ടായി. കൊച്ചിൻ ഇഞ്ചി, ആലപ്പി ഫിംഗർ മഞ്ഞൾ എന്നിവയുടെ ഉത്പാദനം പുനരാരംഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ശ്രീനഗറിലെ ഷെർ ഇ കാഷ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ആനുവൽ ഗ്രൂപ്പ് മീറ്റിംഗിൽ സർവകലാശാല നോഡൽ ഓഫീസർ ഡോ.ജലജ എസ്. മേനോൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് ഡയറക്ടർ ഡോ.ആർ. ദിനേഷിൽനിന്നു സർട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി.