വയനാട്ടിൽ വീണ്ടും ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം
1430623
Friday, June 21, 2024 6:07 AM IST
മാനന്തവാടി: കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമായേക്കാവുന്നതുമായ ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിൽ വീണ്ടും കണ്ടെത്തി.
കൊയിലേരിയിലെ ജൈവകർഷകനായ ബാബു ഫിലിപ്പിന്റെ കൃഷിയിടത്തിൽ വിളപരിപാലനത്തിനിടെ കണ്ടെത്തിയ ഒച്ചിനെ ജന്തുശാസ്ത്രജ്ഞരായ ഡോ.പി.കെ. പ്രസാധൻ, ഡോ. വിവേക് സിറിയക്ക് ഫിലിപ്പ് എന്നിവരുടെ നിർദേശപ്രകാരം ഉപ്പ് തളിച്ച് നശിപ്പിച്ചു.
ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവർഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ച് മഴക്കാലത്താണെത്തുക. ദിവസങ്ങൾക്കുള്ളിൽ ഇവ മുട്ടയിട്ട് പെരുകുകയും ചെയ്യും. പൂർണ വളർച്ചയെത്തിയ ഒരു ഒച്ചിന് 20 സെന്റിമീറ്റർ വരെ നീളവും 250 ഗ്രാം തൂക്കവും ഉണ്ടാകും.
കേരളത്തിലെ പല സ്ഥലങ്ങളും ഇവയുടെ ആക്രമണത്തിൽ വലിയ കൃഷിനാശമാണ് സംഭവിക്കുന്നത്. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകൾ ചീയുന്പോൾ അസഹ്യമായ ദുർഗന്ധമുണ്ടാകും. കാർഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.
2016ൽ ചുള്ളിയോടാണ് വയനാട്ടിൽ ആദ്യമായി ഭീമൻ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തിയതായി ഔദ്യോഗിക രേഖയുള്ളത്. നഴ്സറിയിലേക്ക് തൈകൾ കൊണ്ടുവന്നതിന്റെ കൂടെ വന്നതാണ് എന്നാണ് സംശയം. തുടർന്ന് കേരള വന ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ശാസ്ത്രജ്ഞനായ ഡോ. സജീവിന്റെ നേതൃത്വത്തിൽ ടി.കെ. മനീത നടത്തിയ പഠനത്തിൽ കേരളത്തിലെ ഇടുക്കി ഒഴികെ 13 ജില്ലകളിലും ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
സന്ധ്യകഴിഞ്ഞാണ് ഈ ഒച്ചുകൾ തടങ്ങളിൽനിന്ന് പുറത്തുവരുന്നത്. പുലർച്ചെവരെ ചെടികൾ തിന്നുതീർക്കും. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ തിന്നു നശിപ്പിക്കും. പുല്ലുവർഗം ഒഴികെ മറ്റെല്ലാ ചെടികളും പ്രത്യേകിച്ച് തൈകളും തളിരുകളും നശിപ്പിക്കും. റബ്ബർപാൽ പോലും ഇവയ്ക്ക് ഇഷ്ടപാനീയമായതോടെ വലിയ സാന്പത്തികനഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.
നിയന്ത്രണമാർഗങ്ങൾ
ബോർഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറന്പുകളുടെ അതിരിലൂടെ കുമ്മായം തൂകുന്നതും ഇവയെ നിയന്ത്രിക്കാൻ ചെയ്യാറുണ്ട്. പുതിയ കടന്നുകയറ്റക്കാരനായതുകൊണ്ട് ഇവയ്ക്ക് ശത്രുക്കൾ കുറവാണ്. ഉപ്പൻ (ചകോരം, ചെന്പോത്ത്) ഒച്ചുകളെ ആക്രമിച്ചു തിന്നുന്നുണ്ട്. പക്ഷേ ഇതുകൊണ്ടുമാത്രം നിയന്ത്രണമാകുന്നില്ല. നിയന്ത്രണത്തിനായി വിവിധ രാജ്യങ്ങളിൽ താറാവിനെ ഉപയോഗിച്ചിരുന്നു.