സാന്ത്വന പരിചരണം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതി
1424419
Thursday, May 23, 2024 6:03 AM IST
കൽപ്പറ്റ: പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം പ്രാദേശിക നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷൈബാൻ സലാം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. റഫീഖ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഡയാന മച്ചാഡോ, അംഗം ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെയിൻ ആൻഡ് പാലിയേറ്റ് പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ മുന്നിൽ നിർത്തി വീടുകളിൽനിന്നു ധനസമാഹരണം നടത്താൻ പഞ്ചായത്ത് തീരുമാനിച്ച പശ്ചാത്തലത്തിലാണ് സിപിഎം പ്രാദേശിക നേതാക്കളുടെ ആരോപണം. സാന്ത്വന പരിചരണത്തിന് പഞ്ചായത്ത് കഴിഞ്ഞ വർഷം നടത്തിയ ധനസമാഹരണവും തുകയുടെ വിനിയോഗവും സുതാര്യമായിരുന്നില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. പിരിച്ച പണം തിരിമറി ചെയ്തതായും അവർ ആരോപിക്കുന്നു. ഇതിൽ കഴന്പില്ല.
പിരിച്ച തുക കുടുംബശ്രീ യൂണിറ്റുകളിൽനിന്നു ലഭിച്ച മുറയ്ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഡോക്ടറുടെയും ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. തുകയുടെ വിനിയോഗവും സുതാര്യമായിരുന്നു. ലോക്കൽ ഫണ്ട്, സോഷ്യൽ ഓഡിറ്റുകളിൽ സാന്പത്തിക ഇടപാടുകളിൽ പോരായ്മ ചൂണ്ടിക്കാട്ടിയിട്ടില്ല.
പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ 284 രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർഹരായ മുഴുവൻ രോഗികൾക്കും മരുന്ന്, ഉപകരങ്ങൾ, ഭക്ഷ്യക്കിറ്റ് തുടങ്ങിയവ ലഭ്യമാക്കുന്നുണ്ട്. മാസം 20 ദിവസം ഹോം കെയർ ഉണ്ട്.
നട്ടെല്ലിനു അർബുദം ബാധിച്ചയാൾക്ക് സഹായം നിഷേധിച്ചുവെന്ന ആരോപണം ശരിയല്ല. സാന്പത്തിക സഹായത്തിനാണ് രോഗി അപേക്ഷിച്ചത്. മാനദണ്ഡങ്ങൾ അനുസരിച്ച് രോഗിക്ക് സാന്പത്തിക സഹായം അനുവദിക്കാൻ കഴിയില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനം ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം നേതാക്കൾ ദുരാരോപണങ്ങൾ ഉന്നയിച്ചതെന്നു സംശയിക്കണമെന്നും പ്രസിഡന്റും മറ്റും പറഞ്ഞു.