അധികാരികളുടെ ശ്രദ്ധക്കുറവ്മൂലമാണ് പോൾ മരിച്ചത്: ബിഷപ് ഡോ. ജോസഫ് മാർ തോമസ്
1395924
Tuesday, February 27, 2024 7:10 AM IST
പുൽപ്പള്ളി: അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവ് മൂലമാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പോൾ മരിക്കാനിടയായതെന്ന് കാത്തലിക്ക് ബിഷപ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാർ തോമസ്. വയനാട്ടിൽ നല്ല മെഡിക്കൽ കോളജും മികച്ച ചികിത്സാ സൗകര്യങ്ങളുമുണ്ടായിരുന്നെങ്കിൽ പോളിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. പാക്കത്തെ പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കടുവയും ആനയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യംമൂലം വയനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യമില്ലാതായിരിക്കുകയാണ്. ഈ വിഷയത്തിൽ അധികാരികളുടെ ഭാഗത്തുനിന്നും വയനാട്ടിലെ ജനങ്ങൾക്ക് വേണ്ട ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതായിട്ടുണ്ട്. ഇവിടെ പലരുവന്ന് പല വാഗ്ധാനങ്ങളും നൽകിയെങ്കിലും അതൊന്നും പാലിക്കപ്പെടാത്തതിന്റെ ദുഖം ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുകയാണ്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക സഹായങ്ങളും പരിഗണനകളും നൽകണം. വയനാടിന്റെ എല്ലാ ജനവാസ മേഖലകളിലും ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുകയാണ്. ഇതിനൊരു പരിഹാരമുണ്ടാക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം. കർഷക മിത്രം ചെയർമാൻ പി.എം. ജോയി, ഡോ.പി. ലക്ഷ്മണൻ, ഇ.എ. ശങ്കരൻ, വിഷ്ണു വേണുഗോപാൽ, ലെനിൻ സ്റ്റീഫൻ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.