പ്രതീകാത്മകമായി ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
1339856
Monday, October 2, 2023 12:53 AM IST
മാനന്തവാടി: എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി തലപ്പുഴ ചുങ്കം അങ്ങാടിയിൽ പ്രതീകാത്മകമായി ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ചുങ്കം അങ്ങാടിയിൽ വഴിവിളക്കുകളും ലോമാസ്റ്റ് ലൈറ്റും സ്ഥാപിക്കണമെന്ന ആവശ്യത്തെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി.
ഓരോ വാർഡിലും ഒന്നര ലക്ഷം രൂപവരെ തെരുവുവിളക്കുകൾക്കായി പഞ്ചായത്തിന് ചെലവഴിക്കാം. എന്നിരിക്കേ ഗ്രാമസഭയിലടക്കം ആവശ്യം ഉന്നയിച്ചിട്ടും രണ്ടു വാർഡുകൾ അതിർത്തി പങ്കിടുന്ന ചുങ്കത്ത് ഒരു തെരുവുവിളക്കുപോലും പ്രകാശിക്കുന്നില്ല.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ ലൈറ്റുപോലും പ്രവർത്തനരഹിതമാണ്. രാത്രി മദ്യപരും സാമൂഹികവിരുദ്ധരും ചുങ്കം അങ്ങാടി താവളമാക്കുകയാണ്. പോലീസ് പട്രോളിഗ് കാര്യക്ഷമമല്ല.
കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ ആക്രമണം നടത്തിയ കേരള വനം വികസന കോപറേഷന്റെ ഡിവിഷൻ ഓഫീസ് സ്ഥിതി ചെയ്യുന്ന കന്പമല ചുങ്കത്തിന്റെ സമീപപ്രദേശമാണ്.
തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ 34-മുതൽ തലപ്പുഴ വരെ ഇരുപത് കിലോമീറ്ററിലേറെ ദൈർഘ്യമുള്ള റോഡിൽ നാമമാത്ര വഴിവിളക്കുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതീകാത്മകമായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
കെ. ഷൗക്കത്തലി, എം. മുനീർ, പി. റഫീഖ്, ശിഹാബ് സഅദി, വി.കെ. മുഹമ്മദലി, സി. ജംഷീർ എന്നിവർ നേതൃത്വം നൽകി.