മാനസികാരോഗ്യ പ്രശ്നങ്ങളില്‍ ലജ്ജിക്കണോ? മാനസികാരോഗ്യം സൗഖ്യ സര്‍വേ വിവരങ്ങൾ
മാനസികാരോഗ്യത്തിന്റെ ധാരണകളും യാഥാര്‍ഥ്യങ്ങളും സംബന്ധിച്ച വിവരശേഖരണത്തിനായി, ഐടിസിയുടെ നാലാം വര്‍ഷ "ഫീല്‍ ഗുഡ് വിത് ഫിയാമ മാനസിക സൗഖ്യ സര്‍വേ 2024' പൂര്‍ത്തിയായി. ഇന്ത്യയില്‍ മാനസിക സൗഖ്യം സംബന്ധിച്ച അവബോധം, മനോഭാവം, പെരുമാറ്റ രീതികള്‍ എന്നിവയുടെ സ്ഥിതി സര്‍വേയിലൂടെ വ്യക്തമാകുന്നുവെന്നു നേതൃത്വം നല്കിയ നീല്സെന് ഐക്യു ചൂണ്ടിക്കാട്ടി.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 83 ശതമാനം പേരും മാനസികാരോഗ്യ പ്രശ്നങ്ങളില്‍ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ലെന്ന് വിശ്വസിക്കുമ്പോള്‍, 81 ശതമാനം പേര്‍ക്ക് തങ്ങള്‍ തെറാപ്പി സ്വീകരിക്കുന്നുവെന്ന് മറ്റുള്ളവരോട് പറയുന്നതില്‍ മടിയുള്ളവരാണ്.
മാനസികാരോഗ്യം സംബന്ധിച്ച് അവബോധം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും പല വ്യക്തികളും ഇപ്പോഴും അതിനോടു നിശബ്ദമായി മല്ലിടുകയാണെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. അവരുടെ വൈകാരിക സ്ഥിതി സംബന്ധിച്ച് തുറന്ന മനസോടെ ചര്‍ച്ച ചെയ്യാനോ പ്രഫഷണല്‍ സഹായം തേടാനോ മടിക്കുന്നു.
പ്രയാസങ്ങളെ കുറച്ചുകാണുന്ന പ്രവണതയുമുണ്ട്. അല്ലെങ്കില്‍ സഹായം തേടേണ്ടത് കടുത്ത മാനസികരോഗം അനുഭവിക്കുന്നവര്‍ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഇത് പലപ്പോഴും പ്രഫഷണല്‍ പിന്തുണ വൈകുന്നതിന് കാരണമാകുന്നുവെന്നും സര്‍വേ പറയുന്നു.
സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍
* തെറാപ്പിയുടെ കാര്യത്തില്‍ ചെലവ് ഒരു തടസമാണ്. സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനം പേരും തെറാപ്പി ചെലവേറിയതാണെന്ന് പറഞ്ഞു. ഇതിനുപുറമെ, ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ഉള്‍പ്പെടാത്തതിനാല്‍ 74 ശതമാനം പേരും തെറാപ്പിക്ക് പോകുന്നില്ല.
* തെറാപ്പി ദുര്‍ബലര്‍ക്ക് വേണ്ടിയുള്ളതാണെന്ന് 55 ശതമാനം പേര് വിശ്വസിക്കുന്നു. മാനസികാരോഗ്യ പിന്തുണയുമായി ചുറ്റിപ്പറ്റിയ ശാശ്വതമായ കളങ്കമാണ് ഇത്തരമൊരു വിശ്വാസം എടുത്തുകാണിക്കുന്നത്.
* സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേര് വിശ്വസിക്കുന്നത്, യുവാക്കളാണ് പഴയ തലമുറകളേക്കാള്‍ മാറ്റത്തെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠയും ഭയവും അനുഭവിക്കുന്നത് എന്നതാണ്. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന അസാധാരണമായ സമ്മര്‍ദ്ദങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.
* ശരിയായ തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നതിന് വളരെയധികം പരിശ്രമം ആവശ്യമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം വ്യക്തികളും വിശ്വസിക്കുന്നു.