സർക്കാർ ജോലിയ്ക്കൊപ്പം കൃഷിയും; താരമായി ഹരികൃഷ്ണദാസ്
Friday, February 28, 2025 1:19 PM IST
26 വയസുള്ള ഹരികൃഷ്ണദാസിന് സർക്കാർ ജോലിയുണ്ട്. സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോൾ നാട്ടിലെ ഉയർന്നശമ്പളമുള്ള വരുമാനക്കാരൻ. ഇങ്ങനെയൊക്കെയാണെങ്കിലും രാവിലേയും വൈകുന്നേരവും കൃഷിയിടത്തിൽ മാതാപിതാക്കളെ സഹായിക്കാതെയുള്ള ഒരു ദിവസം ഹരിക്ക് ചിന്തിക്കാനാകില്ല.
കൃഷിയിലുള്ള അതിമോഹമാണ് ഈ ചെറുപ്പക്കാരനെ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. വള്ളിയോട് പടിഞ്ഞാറേക്കാട് വഴിയിൽ ഹരിദാസിന്റെയും ഓമനയുടെയും രണ്ട്മക്കളിൽ മൂത്തയാളായ ഹരി ചിറ്റൂർ താലൂക്ക് ഓഫീസിലെ ക്ലാർക്കാണ്. രാവിലെ എട്ടിന് വീട്ടിൽനിന്നും ജോലിക്ക് പോകണം.
യാത്രാദൂരമുള്ളതിനാൽ വൈകുന്നേരം ആറരയും കടന്നു പോകും വീട്ടിൽ തിരിച്ചെത്തുമ്പോൾ. എന്നാൽ ഈ വൈകി വരലും നേരത്തെയുള്ള പോക്കൊന്നും ഹരിയെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല. എത്ര വൈകിവന്നാലും കൃഷിയിടത്തിൽ പോയി ഒരു നോട്ടമൊക്കെ കഴിഞ്ഞെ വീട്ടിലെത്തൂ. അതിരാവിലെ എഴുന്നേൽക്കും.
ആറുമണിക്ക് മുമ്പ് വീടിനടുത്തുള്ള കൃഷിയിടത്തിലെത്തും. നനയും കൈക്കോട്ടു പണികളുമായി രണ്ട് മണിക്കൂർ കൃഷിപ്പണികൾ. അവിടെനിന്നും ഓടി വീട്ടിലെത്തി പിന്നെ കർഷകവേഷം മാറ്റി സർക്കാർ ജോലിക്കാരനാകും.
ഒഴിവുദിവസങ്ങളിൽ കൃഷിയിടത്തിൽ നിന്നും കയറണമെങ്കിൽ അച്ഛനും അമ്മയും നിർബന്ധിക്കണം. സത്യത്തിൽ മാതാപിതാക്കളുടെ ശക്തമായ പുഷിംഗിലാണ് മാത്തമാറ്റിക്സിൽ ബിരുദധാരിയായ ഹരി വീട്ടിലിരുന്നു പഠിച്ച് പിഎസ്സി പരീക്ഷ എഴുതി ചെറിയ പ്രായത്തിൽ തന്നെ ജോലി സമ്പാദിച്ചത്.
സർക്കാർജോലി വരുമാനമാണെങ്കിലും കൃഷിയിടത്തിൽ നിന്നും കിട്ടുന്ന സംതൃപ്തിയോളമാകില്ലെന്നാണ് ഹരിയുടെ പക്ഷം. ഒന്നേകാൽ ഏക്കർ വരുന്ന കൃഷിയിടത്തിൽ ഓരോ പച്ചക്കറി ചെടികളെക്കുറിച്ചും ഹരിക്കറിയാം.
നൂറോളം നേന്ത്രവാഴ, തെങ്ങ്, പയർ, വെണ്ട, ചീര തുടങ്ങി എല്ലായിനം പച്ചക്കറികളുമുണ്ട്. അച്ഛൻ ഉൾപ്പെടെ കുടുംബക്കാർ പാരമ്പര്യ കർഷകരാണ്. ഇതിനാൽ തന്നെ ചെറുപ്രായത്തിൽ തന്നെ ഹരിയേയും എറണാകുളത്ത് ജോലിയുള്ള അനുജൻ അശ്വിനേയും കൃഷിയിടത്തിൽ കൊണ്ടുപോയി കൃഷി പണികൾ പഠിപ്പിച്ചിരുന്നെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു.
ഇത് പിന്നീട് മക്കളെ കൃഷിമോഹികളാക്കി. വീട്ടിലെത്തുമ്പോഴെല്ലാം അശ്വിനും കർഷകനായി മാറും. കൃഷിപ്പണിയിൽ നിന്നുള്ള വരുമാനം ശാശ്വതമല്ല. അത് വേനലും മഴയും പോലെ മാറിമാറി വരും. അത്തരം ദുർഘടങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയുന്നവർക്കെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ.
ഹരിയുടെ അച്ഛൻ 61 കാരനായ ഹരിദാസ് പറയുന്നു. വടക്കഞ്ചേരി ടൗണിലുള്ള ഇക്കോ ഷോപ്പിലും പ്രാദേശികവുമായാണ് പച്ചക്കറികൾ കൂടുതലും വില്പന നടത്തുന്നത്. എല്ലാം ജൈവരീതിയിലുള്ള കൃഷികളായതിനാൽ ഇവരുടെ തോട്ടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും ഡിമാന്റേറെയുണ്ട്.
കടകളിൽ പോയി ഇവർ സാധനങ്ങൾ വാങ്ങുന്നത് വളരെ അപൂർവമാണ്. നെല്ല് ഉൾപ്പെടെ എല്ലാ ധാന്യങ്ങളും വീട്ടിലുണ്ടാക്കുന്നുണ്ട്. ഇവരുടെ ഒരു തുണ്ട് ഭൂമി പോലും പാഴായി കിടക്കില്ല. അധ്വാനം ഒരു ഹരമാണ് ഹരികൃഷ്ണദാസിനും മാതാപിതാക്കൾക്കും.