ചക്കയിൽ വലിയ പ്രതീക്ഷയോടെ സന്തോഷ് കുമാർ
Thursday, February 27, 2025 12:35 PM IST
തമിഴ്നാട് മാതൃകയിൽ ഫലവൃക്ഷ കൃഷിക്കു മുന്നിട്ടിറങ്ങിയിരിക്കയാണ് കൊല്ലം ജില്ലയിൽ ചാത്തന്നൂർ പഞ്ചായത്തിലെ വരിഞ്ഞം വലിയവിള പുത്തൻവീട്ടിൽ ജി.സന്തോഷ് കുമാർ. അദ്ദേഹത്തിന് സ്വന്തമായുള്ള രണ്ടേക്കറിൽ 400 പ്ലാവിൻ തൈകളാണു നട്ടിരിക്കുന്നത്.
പ്ലാവ് കൃഷി കൂടാതെ 500 മൂട് ഏത്തവാഴയുമുണ്ട്. ഇടവിളയായി ചേന, മഞ്ഞൾ, ഇഞ്ചി എന്നിവയുമുണ്ട്. വീട്ടാവശ്യത്തിനുവേണ്ട പച്ചക്കറികളും കൃഷി ചെയ്യുന്നു. ചെറുപ്രായത്തിൽ തന്നെ വടക്കേയിന്ത്യയിലെത്തിയ സന്തോഷ് കുമാർ, മൂന്നു പതിറ്റാണ്ടോളം നാഗ്പ്പൂർ ആസ്ഥാനമായ ഒരു കണ്സ്ട്രക്ഷൻ കന്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
മഹാരാഷ്ട്രയിലെ ഉള്ളിത്തോട്ടങ്ങളും ഗുജറാത്തിലെ നാരകത്തോട്ടങ്ങളുമൊക്കെ നേരിൽ കണ്ട അനുഭവങ്ങളുമായാണ് നാലു വർഷം മുന്പു നാട്ടിലെത്തിയത്. നാട്ടിലെത്തിയപ്പോൾ എന്തു ചെയ്യണമെന്നതിൽ രണ്ടാമതൊരു ചിന്ത വേണ്ടിവന്നില്ല കർഷക കുടുംബത്തിൽ ജനിച്ച സന്തോഷ് കുമാറിന്.
കുടുംബം പാരന്പര്യമായി നെൽക്കർഷകരായിരുന്നെങ്കിലും സന്തോഷ് കുമാറിന്റെ രണ്ടേക്കറിൽ റബറായിരുന്നു. അന്യനാട്ടിലായിരുന്നതിനാൽ റബർ മരങ്ങളെ പരിപാലിക്കാനോ, യഥാസമയം വെട്ടി പാൽ എടുക്കാനോ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
പരിചരണത്തിന്റെ കുറവുകൊണ്ട് മരങ്ങളെല്ലാം നാശത്തിന്റെ വക്കിലാകുകയും ചെയ്തു. ഇതേത്തുടർന്ന് എല്ലാം മുറിച്ചു മാറ്റി പുരയിടം കിളച്ചു വേരുകളും മറ്റും നീക്കം ചെയ്തു. പുരയിടം വൃത്തിയാക്കിയശേഷം 500 മൂട് ഏത്തവാഴ നട്ടു. ഇടവിളകളായി ചേന, മഞ്ഞൾ, ഇഞ്ചി എന്നിവയും നട്ടു. നാല് വർഷമായി ഈ രീതി തുടർന്നുകൊണ്ടിരിക്കുകയാണ്.
കർഷകർക്ക് പുത്തൻ ആശയങ്ങൾ നൽകുകയും കൃഷിയിൽ ഉപദേശ നിരീക്ഷണങ്ങളുമായി എപ്പോഴും അവരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ചാത്തന്നൂർ കൃഷിഭവൻ ഉദ്യോഗസ്ഥനായ ഷാജിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാവ് കൃഷിക്ക് സന്തോഷ് കുമാർ തയാറായത്.
ഒട്ടും വൈകാതെ വാഴകൾക്കിടയിൽ 400 മൂട് പ്ലാവിന്റെ തൈകൾ നടുകയായിരുന്നു. വിയറ്റ്നാം ഏർളി പ്ലാവുകൾ എട്ട് മാസം പ്രായമായപ്പോൾ തന്നെ കളപിടിച്ചു തുടങ്ങി. ഇപ്പോൾ ഉണ്ടാകുന്നതെല്ലാം കള്ളക്കളകൾ.
ഈ അവസ്ഥയിലാണെങ്കിൽ ഒരു വർഷം തികയുന്പോഴേയ്ക്കും ചക്ക പിടിച്ചു തുടങ്ങുമെന്ന പ്രതീക്ഷ സന്തോഷ് കുമാർ പങ്കുവച്ചു. മിക്കവാറും വർഷത്തിൽ എല്ലാ ദിവസവും ചക്ക കിട്ടുമെന്നാണ് പ്രതിക്ഷ. ഒരു വർഷത്തോളം പ്രായമായ തൈകളാണു നട്ടത്.
അധികം ഉയരത്തിൽ വിയറ്റ് നാം ഏർളി പ്ലാവുകൾ വളരില്ല എന്നതും പ്രത്യേകതയാണ്. നാടൻ ചക്ക പോലെ അത്ര വലുതല്ല ഇതിന്റെ ചക്കകൾ. എന്നാൽ അത്ര ചെറുതുമല്ല. ധാരാളം ചക്ക പിടിക്കുകയും ചെയ്യും. ചുവട്ടിൽ നിന്നും തന്നെ ശാഖകൾ വളരും.
കടുത്ത വേനൽ വിയറ്റ്നാം ഏർളിക്ക് താങ്ങാനാവില്ല. വാഴത്തോട്ടത്തിൽ കൃഷി ചെയ്യുന്നതിനാൽ വാഴയുടെ തണൽ ലഭിക്കും. ഒരു പരിധി വരെ കടുത്ത ചൂടിനെ അങ്ങനെ പ്രതിരോധിക്കാൻ കഴിയും. സാധാരണ പ്ലാവുകൾക്ക് അധികമായി വളപ്രയോഗത്തിന്റെ ആവശ്യമില്ല.
എന്നാൽ, സന്തോഷ് കുമാർ ഓരോ മാസവും ജൈവ വളം നല്കാറുണ്ട്. 250-300 ഗ്രാം ജൈവവളമാണ് ഓരോ ചെടിക്കും നൽകുന്നത്. ട്രൈക്കോഡെർമ എന്ന ജീവാണു വളവും ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും നിശ്ചിത അനുപാതത്തിൽ കൂട്ടികലർത്തിയാണ് വളപ്രയോഗം.
നാടൻ പ്ലാവുകളെപ്പോലെ വിയറ്റ്നാം ഏർളിക്ക് ശക്തമായ രോഗപ്രതിരോധ ശേഷിയില്ല. ഫംഗസ് രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്. ഫംഗസ് രോഗബാധ ഉണ്ടാകാതിരിക്കാൻ
ജൈവാധിഷ്ഠിതമായ സ്യൂഡോമോണസ് ലായനി ഇടക്കിടയ്ക്ക് തളിച്ചു കൊടുക്കാറുണ്ട്.
വേപ്പിൻ പിണ്ണാക്ക് കുമിൾനാശിനി ആയതിനാൽ അതു പ്രത്യേകമായും കൊടുക്കാറുണ്ട്. ഫംഗസ് രോഗം ബാധിച്ചാൽ ചെറുതായിരിക്കുന്പോൾ തന്നെ ചക്ക കൊഴിഞ്ഞു വീഴും. രോഗബാധ ഉണ്ടായാൽ ചക്കയിൽ കറുത്ത നിറം പ്രത്യക്ഷമാകും. കറുത്ത നിറം കാണപ്പെട്ടാൽ നശിപ്പിച്ച് കീടനാശിനി തളിക്കുന്നതാണ് ഉചിതം.
ഏത്തവാഴകൃഷിയും ശാസ്ത്രീയമായ രീതിയിലാണ് അദ്ദേഹം ചെയ്യുന്നത് നിശ്ചിത അകലത്തിൽ വാഴത്തൈകൾ നടാനും സമയബന്ധിതമായി ജൈവവളങ്ങൾ പ്രയോഗിക്കാനും നിഷ്കർഷ പുലർത്തുന്നുണ്ട്.
കാലം തെറ്റി വീശിയടിക്കുന്ന കാറ്റ് വാഴകൾക്കു ഭീഷണിയാണ്. ഈ വർഷം തന്നെ കുലച്ച് പാകമാകാറായ അറുപതോളം വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. കാറ്റിൽ നിന്നും വാഴകളെ രക്ഷിക്കുകയാണ് ഏറ്റവും വലിയ കടന്പ. ജോലിക്കാർ ഉണ്ടെങ്കിലും ഭാര്യ പ്രീതയാണ് പ്രധാന സഹായി.
ജൈവകർഷകനായ സന്തോഷ്കുമാറിന്റെ വിളകൾക്ക് ജൈവസർട്ടിഫിക്കേഷൻ ഉടൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് ചാത്തന്നൂർ കൃഷിഭവൻ അധികൃതർ. ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞാൽ ഉത്പന്നങ്ങൾക്ക് ഇരട്ടിയോളം വില ലഭിക്കും.
ജൈവവിഭവങ്ങൾ മാത്രം വില്പന നടത്തുന്ന പ്രത്യേക കേന്ദ്രങ്ങളിലും നിലവാരമുള്ള സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലുമാണ് ഇത്തരം ജൈവ ഉത്പന്നങ്ങൾ വില്പന നടത്തുന്നത്.
വാഴ കൃഷിയോടൊപ്പം ഇടവിള കൃഷികളായി ഇഞ്ചിയും മഞ്ഞളും വൻതോതിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്. ഇതും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചാണ്.
ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചാൽ സന്തോഷ് കുമാറിന്റെ ഏത്തവാഴയ്ക്കു മാത്രമല്ല ഇഞ്ചിയും മഞ്ഞളും ഈ യോഗ്യതയുടെ പട്ടികയിൽ എത്തും. പിന്നാലെ വിയറ്റ്നാംഏർളി ചക്കകളും.
ഫോണ്: 7798886904