ജോയ് മാത്യുവിൽ നിന്നും നേരിട്ടത് വലിയ ബുദ്ധിമുട്ടുകൾ; താരങ്ങൾക്കെതിരെ "ബൈനറി' അണിയറപ്രവർത്തകർ
Saturday, May 27, 2023 3:07 PM IST
നടൻമാരായ ജോയ് മാത്യു, കൈലാഷ് തുടങ്ങിയ നടൻമാർക്കെതിരെ ഗുരുതര ആരോപണവുമായി ‘ബൈനറി’ സിനിമയുടെ സംവിധായകനും നിർമാതാവും രംഗത്ത്.
ചിത്രത്തില്‍ അഭിനയിച്ച താരങ്ങളില്‍ ഭൂരിഭാഗവും പ്രമോഷണല്‍ പരിപാടികളില്‍ സഹകരിക്കുന്നില്ലെന്നും ജോയ് മാത്യു, കൈലാഷ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതില്‍പെടുമെന്നും ചിത്രത്തിന്റെ സംവിധായകൻ ജാസിക് അലി പറഞ്ഞു.
നടൻ ജോയ് മാത്യുവിൽ നിന്നും നിരവധി ബുദ്ധിമുട്ടുകൾ ഷൂട്ടിംഗ് സമയത്തുണ്ടായെന്നും സാന്പറിന്റെ അംശമുണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യും ഡിസൈനറായ പെൺകുട്ടിയുടെ മുഖത്തേക്ക് വസ്ത്രം വലിച്ചെറിഞ്ഞ സംഭവം വരെയുണ്ടായെന്നും സംവിധായൻ ജാസിക് അലി, നിർമാതാവ് രാജേഷ് ബാബു എന്നിവർ വാർത്തസമ്മേളത്തിൽ ആരോപിച്ചു.
അഭിനയിച്ച താരങ്ങള്‍ പ്രമോഷനുവേണ്ടി സഹകരിച്ചിട്ടില്ല. സിനിമയില്‍ അഭിനയിച്ച ജോയ് മാത്യു പ്രമോഷനില്‍ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ജോയ് മാത്യു എന്റെ വാക്കുകള്‍ക്ക് ഒരു പ്രതികരണവും നല്‍കിയിട്ടില്ല.
സിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. അവരും പ്രമോഷനില്‍ സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും വാങ്ങിയിട്ടാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല.
സിനിമയ്ക്കു വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് അവര്‍ ഷൂട്ടിംഗിനു വരുന്നത്.
ഇനിയെങ്കിലും ഇതൊക്കെ കൃത്യമായി പറഞ്ഞ് കരാർ ഒപ്പിട്ട് ഇവരോടൊക്കെ മേടിക്കണം എന്നേ ഇതിൽ പുതിയതായി ഇറങ്ങാനിരിക്കുന്ന ആളുകളോട് പറയുവാനുള്ളത്. സംവിധായകന് ജാസിക് അലി പറയുന്നു.
രണ്ടാം ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന ഒരു അവസ്ഥ വന്നു. ആദ്യത്തെ നിർമാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. എനിക്ക് ചെയ്യാന്‍ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണം എന്ന് പറഞ്ഞു. എട്ടൊന്‍പത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ തിരുത്തി എഴുതിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു.
ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ, എനിക്കറിയില്ല. ഈ സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല.
അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രമോട്ട് ചെയ്യുക എന്നത്. അത് ഉണ്ടായില്ല. രാജേഷ് ബാബു പറയുന്നു.
സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ബൈനറി. ചിത്രത്തിൽ ജോയ് മാത്യു, സിജോയ് വര്‍ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കൽ ജയചന്ദ്രൻ, കിരണ്‍രാജ്, രാജേഷ് മലർകണ്ടി, കെ.പി. സുരേഷ് കുമാർ, പ്രണവ് മോഹൻ, ജോഹർ കാനേഷ്, സീതു ലക്ഷ്മി, കീർത്തി ആചാരി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
വോക്ക് മീഡിയായുടെ ബാനറിൽ രാജേഷ് ബാബു കെ. ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.