സിനിമയിൽ വരാൻ വൈകിയത് പേടി കാരണം; തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ
Monday, March 20, 2023 1:06 PM IST
സിനിമയിൽ വരാൻ വൈകിയത് പേടി കാരണമാണെന്ന് നടൻ ദുൽഖർ സൽമാൻ. സിനിമയിൽ വരാൻ എല്ലാ അവസരങ്ങളുമുണ്ടായിട്ടും എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിനാണ് താരം ഈ ഉത്തരം പറഞ്ഞത്.
ബാപ്പയുടെ പേര് കളയുമോ എന്ന പേടി കാരണമാണ് സിനിമയിലെത്താൻ വൈകിയതെന്നും രണ്ടുമണിക്കൂർ ആളുകൾ തന്നെ കണ്ടുകൊണ്ടിരിക്കുമോ എന്നൊക്കെയുള്ള ആശങ്കകളുണ്ടായിരുന്നുവെന്നും ദുൽഖർ പറയുന്നു.
വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കൊണ്ടോട്ടിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എനിക്ക് ശരിക്കും പറഞ്ഞാൽ പേടിയായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ സിനിമയിലേക്ക് വന്നപ്പോഴും ഞാൻ പേടിച്ചാണ് വന്നത്. എന്റെ കോളജ് ഒക്കെ കഴിയുന്ന സമയത്താണ് ബിഗ് ബി റിലീസ് ആയത്.
അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് വന്നിട്ട് അദ്ദേഹത്തിന്റെ പേര് കുളമാക്കുമോ, എനിക്ക് അഭിനയം വരുമോ, എന്നെ ആളുകൾ രണ്ടുമണിക്കൂർ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുമോ ഇത്തരത്തിൽ ഒരുപാട് പേടിയായിരുന്നു.
നമ്മുടെയൊക്കെ ഇരുപതുകളിൽ ആയിരിക്കും നമുക്ക് ഏറ്റവും അരക്ഷിതാവസ്ഥ ഉള്ളത്. അപ്പോൾ നമ്മളെക്കുറിച്ച് തന്നെ ഒരു ആത്മവിശ്വാസം ഉണ്ടായിരിക്കില്ല. എനിക്കും അങ്ങനെ തന്നെ ആയിരുന്നു.
ആ സമയത്ത് സിനിമയിൽ രണ്ടാമത്തെ ജനറേഷൻ വന്ന് വിജയിക്കുന്ന സാഹചര്യം കുറവായിരുന്നു. പൃഥ്വിരാജ് കുറച്ച് നേരത്തെ വന്നതാണ്, ഞാൻ വരുന്ന സമയത്താണ് ഫഹദ് സിനിമയിൽ വരുന്നത്. മക്കൾ അഭിനയരംഗത്തെത്തുന്ന അധികം റെഫറൻസ് എനിക്കില്ല.
ഇത്രയും വലിയ പേരെടുത്ത ഒരാളിന് ഞാൻ കാരണം പേര് പോകുമോ എന്ന പേടി ആയിരുന്നു എനിക്ക്. പക്ഷേ ഇപ്പോൾ എന്റെ ജീവിതവും ലക്ഷ്യവും പ്രചോദനവും എല്ലാം സിനിമയായിരിക്കുകയാണ്.
എന്റെ വീട് എനിക്ക് ഏറ്റവും സന്തോഷം തരുന്ന സ്ഥലമാണ്, അവിടെ നിന്ന് പുറത്തിറങ്ങി ജോലിക്ക് പോകുന്നത് എനിക്ക് അത്രയ്ക്ക് ആ ജോലിയോട് ഇഷ്ടമുള്ളതുകൊണ്ടാണ്. ദുൽഖർ പറയുന്നു.