വിട പറയും മുമ്പേ എനിക്ക് അവരെ വീണ്ടും കാണാനായി; നവ്യ നായരെ ഏറെ സ്നേഹിച്ചിരുന്ന ആരാധിക ഓർമയായി
Tuesday, October 7, 2025 11:47 AM IST
നടി നവ്യ നായരെ ഏറെ സ്നേഹിച്ചിരുന്ന താരത്തിന്റെ ആരാധികയായ അമ്മൂമ്മ വിട വാങ്ങി. ഗുരുവായൂർ ക്ഷേത്രനടയിൽ നൃത്തം ചെയ്യുന്നതിനിടെ നവ്യ നായർ വികാരാധീനയായി കണ്ണീരണിഞ്ഞപ്പോൾ ഓടിയെത്തി ആശ്വസിപ്പിച്ചത് ഈ മുത്തശിയായിരുന്നു. ഇവരുടെ വീഡിയോ അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മുത്തശിയുടെ വേർപാട് ദുഃഖത്തോടെ നവ്യ നായർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഗുരുവായൂരിലെ നൃത്തത്തിനിടെ കൃഷ്ണ സ്തുതി കേട്ട് വിതുമ്പിപ്പോയ നവ്യയെ ആശ്വസിപ്പിക്കാനായി കാണികൾക്കിടയിൽ നിന്ന് ഓടിയെത്തിയ മുത്തശിയുടെ വിഡിയോ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.
സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചിട്ടും മുത്തശി നവ്യയുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചു. ഇത് കണ്ട നവ്യ ഉടൻ തന്നെ മുത്തശ്ശിയെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുകയും അവരുടെ കൈകളിൽ പിടിച്ച് മുഖത്തോട് ചേർക്കുകയും ചെയ്തിരുന്നു.
വികാരാധീനമായ ഈ രംഗം കണ്ടുനിന്ന കാണികളെയും കണ്ണീരണിയിച്ചിരുന്നു. മുത്തശിയുടെ ആഗ്രഹപ്രകാരം അവരെ നവ്യ വീണ്ടും കണ്ടിരുന്നു. അന്ന് വേദിയിൽ ഓടിയെത്തിയ വീഡിയോയും വീണ്ടും കണ്ടപ്പോഴുള്ള ചിത്രങ്ങളും ആദരാഞ്ജലി കുറിപ്പും നവ്യ പങ്കുവെച്ചിട്ടുണ്ട്.
‘‘ഈ അമ്മമ്മയെ നിങ്ങൾ മറക്കാൻ സാധ്യത ഇല്ല. അമ്മമ്മ ശ്രീകൃഷ്ണ പാദം പുൽകിയ വിവരം വ്യസനത്തോടെ അറിയിച്ചു കൊള്ളട്ടെ. എന്നെ ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹവും നിറവേറ്റാൻ ഭഗവാൻ അനുഗ്രഹിച്ചു.’’നവ്യ നായർ കുറിച്ചു.