ഒരു സീനിൽ ലാൽ സാറിന്റെ അഭിനയം കണ്ട് ഞാൻ സ്തംഭിച്ചുപോയി; ശോഭന പറയുന്നു
Saturday, April 26, 2025 10:18 AM IST
തുടരും സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ സന്തോഷം പങ്കുവച്ച് ചിത്രത്തിലെ നായിക ശോഭന. സിനിമയുടെ ഒരു സീനിൽ മോഹൻലാലിന്റെ അഭിനയം കണ്ട് സ്തംഭിച്ചു പോയെന്ന് ശോഭന പറയുന്നു.
‘‘38,000 ടിക്കറ്റുകൾ ഒരു മണിക്കൂറിൽ തുടരും എന്ന സിനിമയ്ക്ക് ബുക്ക് മൈ ഷോയിൽ ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് കേൾക്കുമ്പോൾ വളരെയധികം സന്തോഷമുണ്ട്, നമ്മുടെ ടീമിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒരു സീനിൽ ലാൽ സാറിന്റെ പെർഫോമൻസ് കണ്ട് ഞാൻ തന്നെ സ്തംഭിച്ചു പോയി. ഞാൻ കൂടുതൽ സ്പോയിലർ ഒന്നും പറയുന്നില്ല.
തരുൺമൂർത്തി എന്ന സംവിധായകനും നിർമാതാവ് രഞ്ജിത്തിനും സിനിമയുടെ മറ്റ് അണിയറണ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ, എല്ലാവർക്കും നന്ദി. എല്ലാവരും തുടരും കാണുക ഇത് നല്ല ഒരു ഫാമിലി ഡ്രാമയാണ്, ത്രില്ലറും കൂടിയാണ്. എല്ലാവരും സിനിമ എത്രയും പെട്ടെന്ന് തിയറ്ററിൽ ചെന്ന് കാണണമെന്ന് അഭ്യർഥിക്കുന്നു.’’ശോഭനയുടെ വാക്കുകള്‍.
അതേസമയം ഞങ്ങളുടെ ലാലേട്ടനെ തിരികെ കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്നവർ പറയുന്നത്. അനായസ മെയ് വഴക്കവും അഭിനയവും മോഹൻലാലിന് മാത്രമേ സാധിക്കൂവെന്നും അവർ പറയുന്നു.
മികച്ച പ്രതികരണത്തെത്തുടർന്ന് സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ഉയർന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷനും കുത്തനെ ഉയരാനാണ് സാധ്യത.