ഖുറേഷി അബ്രാമിനെ കാണാൻ...എന്പുരാന്റെ ടിക്കറ്റ് ബുക്കിംഗ് വെള്ളിയാഴ്ച രാവിലെ മുതല്‍
Thursday, March 20, 2025 4:03 PM IST
എമ്പുരാന് സിനിമയുടെ ബുക്കിംഗ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. മാര്‍ച്ച് 21 രാവിലെ ഒൻപതു മുതലാണ് എമ്പുരാന്റെ ടിക്കറ്റ് ബുക്കിംഗ് ഓപ്പണ്‍ ആവുക. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്ററുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗാണ് വെള്ളിയാഴ്ച തുടങ്ങുന്നത്.
അതേ സമയം പലയിടത്തും ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ഓവര്‍സീസ് ബുക്കിംഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് വിദേശരാജ്യങ്ങളില്‍ നിന്നും ടിക്കറ്റ് ബുക്കിംഗിന് ലഭിക്കുന്നത്.
മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ നടക്കുക. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സിനിമയുടെ നിരവധി ഫാന്‍സ് ഷോസ് നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 300ലേറെ ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന് ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട്. ലൂസിഫറിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റും ആണെന്നാണ് റിപ്പോർട്ട്.