മമ്മൂട്ടി -മോഹൻലാൽ- മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാര
Monday, February 10, 2025 8:15 AM IST
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള നായികയായ നയൻതാര മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ വീണ്ടുമെത്തുന്നത്.
അൽഫോൻസ് പുത്രൻ ചിത്രമായ ഗോൾഡ് ആണ് നയൻതാരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം. ഒൻപത് വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ നാലാമത്തെ ഷെഡ്യൂൾ ആണ് കൊച്ചിയിൽ ഇപ്പോൾ നടക്കുന്നത്. നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി.
മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് തുടങ്ങിയവരുമുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാർജ, അസർബൈജാൻ എന്നിവിടങ്ങളിൽ ചിത്രീകരിച്ച് നാലാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി.
അടുത്ത ഷെഡ്യൂൾ ഡൽഹിയിൽ ആംരഭിക്കും. മമ്മൂട്ടി, മോഹൻലാൽ, രേവതി ഉൾപ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡൽഹിയിൽ ചിത്രീകരിക്കുക.