ആഘോഷിക്കാൻ ആരോഗ്യം സമ്മതിക്കുന്നില്ല, നിങ്ങളെയോർത്ത് എനിക്ക് അഭിമാനം; മകളുടെ ഒന്നാം വിവാഹവാർഷികത്തിൽ സുരേഷ് ഗോപി
Saturday, January 18, 2025 10:04 AM IST
ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന മകൾ ഭാഗ്യയ്ക്കും മരുമകൻ ശ്രേയസിനും ആശംസകളുമായി സുരേഷ് ഗോപി. മകളുടേയും മരുമകന്റെയും മനോഹരമായ ദാമ്പത്യം കണ്ട് താൻ അഭിമാനിക്കുന്നുവെന്നും വിവാഹവാർഷികം ആഘോഷിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ ആരോഗ്യം സമ്മതിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘‘ഒരുമിച്ചുള്ള ഒരു വർഷം. ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. എന്റെ പ്രിയപ്പെട്ട ഭാഗ്യയും ശ്രേയസും. നിങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ നിങ്ങൾ പങ്കിടുന്ന മനോഹരമായ ബന്ധത്തിൽ ഞാൻ എത്ര അഭിമാനിക്കുന്നുവെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രത്യേക ദിനം നമുക്ക് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
പക്ഷേ നിർഭാഗ്യവശാൽ എന്റെ ആരോഗ്യം അതിനായി അടുത്തിടെയായി സഹകരിക്കുന്നില്ല. എന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന മറ്റൊരു ദിവസത്തേക്ക് ആഘോഷങ്ങൾ മാറ്റിവയ്ക്കാം. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹസികതയുടെയും ഇനിയും നിരവധി വർഷങ്ങൾ ഒരുമിച്ച് ഉണ്ടാകട്ടെ.
ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ.’’സുരേഷ് ഗോപിയുടെ വാക്കുകൾ.
കഴിഞ്ഞ വർഷം നടന്ന താരവിവാഹങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റേത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ വധൂവരന്മാരെ ആശിർവദിക്കാൻ കേരളത്തിൽ എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും വിവാഹത്തിൽ അതിഥികളായി എത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിനും വിവാഹസത്കാരത്തിനും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് എത്തിയത്. ഭാഗ്യയുടെ വളരെ നാളുകളായുള്ള സുഹൃത്ത് ശ്രേയസാണ് താരപുത്രിയെ വിവാഹം ചെയ്തത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്.