വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ വേണം; 2025ലെ ആഗ്രഹത്തിന്റെ ലിസ്റ്റുമായി സമാന്ത
Thursday, December 12, 2024 8:59 AM IST
2025ൽ തന്നിലേയ്ക്ക് വന്നുചേരേണ്ട ആഗ്രഹങ്ങളുടെ ലിസ്റ്റ് പങ്കുവച്ച് നടി സമാന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ഒരുപാട് കാര്യങ്ങൾ ഇതിൽ പറയുന്നുണ്ടെങ്കിലും ആ ലിസ്റ്റിലെ നാലാമത്തെ കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളി എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സാമന്ത വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനുള്ള സൂചനയാണ് ഈ പോസ്റ്റെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ടോറസ് ജന്മനക്ഷത്രത്തിൽ ജനിച്ചവർക്ക് 2025 എങ്ങനെ എന്നതിന്റെ ഫലസൂചനയാണ് താരം സ്റ്റോറിയായി പങ്കിട്ടത്. ‘ആമേൻ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ആ പട്ടികയിലെ പ്രതീക്ഷകൾ വളരെ വേഗം ആരാധകർക്കിടയിൽ ചർച്ചയായി.
ഈ ജന്മനക്ഷത്രത്തിലെ ആളുകൾക്ക് അടുത്ത വർഷം പുതിയ പങ്കാളിയെ പ്രതീക്ഷിക്കാമെന്നും കുട്ടികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് പുതുവർഷഫലം പറയുന്നത്. ഈ ഫലങ്ങൾ സമാന്തയുടെ കാര്യത്തിൽ സത്യമാകട്ടെയെന്നാണ് ആരാധകരുടെ ആശംസ.
സമാന്തയും മുൻ ഭർത്താവ് നാഗ ചൈതന്യ അക്കിനേനിയുമായുള്ള വിവാഹമോചനവും പിന്നീട് താരത്തിനു വന്ന മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടവുമെല്ലാം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ആരോഗ്യപരമായി ഏറെ വെല്ലുവിളികളിലൂടെയാണ് താൻ കടന്നുപോവുന്നതെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.