ഹലോ മമ്മൂക്ക സുഖമാണോ; ദുൽഖറിന്റെ ഫോണിൽനിന്നും മമ്മൂട്ടിക്ക് ബാലയ്യയുടെ വീഡിയോകോൾ
Wednesday, October 30, 2024 10:21 AM IST
ലക്കി ഭാസ്ക്കർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നന്ദമൂരി ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബ്ൾ എൻബികെ എന്ന ടീവി പരിപാടിയിൽ പങ്കെടുത്ത് ദുൽഖർ സൽമാൻ. പരിപാടിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചാനൽ.
തമാശകൾ പങ്കുവയ്ക്കുന്നതിനിടയിൽ ദുൽഖറിന്റെ ഫോണിൽ നിന്നും മമ്മൂട്ടിയെ വീഡിയോ കോൾ ചെയ്യുന്ന ബാലയ്യയെ പ്രൊമോ വീഡിയോയിൽ കാണാം.
ശേഷം ഹലോ മമ്മൂക്ക സുഖമാണോ എന്ന ബാലയ്യയുടെ ചോദ്യത്തിന് അല്പം തമാശ കലർത്തി സുഖം തന്നെ എന്ന് മറുപടി പറയുന്ന മമ്മൂട്ടിയെയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും സംസാരം കേട്ട് ചിരിച്ചുനിൽക്കുന്ന ദുൽഖറിനെയും വീഡിയോയിൽ കാണാം.
ഒന്നരവർഷത്തിന് ശേഷമാണ് ദുൽഖർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. അതിനാൽ തന്നെ ആരാധകരും ഈ ചിത്രത്തെ ഉറ്റുനോക്കുകയാണ്.
2023 ഓഗസ്റ്റിൽ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഇതിനിടയിൽ നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം കൽക്കി 2898 എഡിയിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു.