സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോന്നത് വളരെ വിഷമിച്ച്; വേദി വിട്ടുപോകാൻ പറഞ്ഞത് പ്രിൻസിപ്പാൾ: ബിബിൻ ജോർജ്
Monday, October 7, 2024 9:40 AM IST
ഗുമസ്തന് എന്ന സിനിമയുടെ പ്രചാരണത്തിനായി കോളജിലെത്തിയ നടൻ ബിബിൻ ജോർജിനെ കോളജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ. കോളജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാഗസിൻ പ്രകാശനത്തിനായി ഗുമസ്തന്റെ അണിയറ പ്രവർത്തകർ എത്തിയത്.
മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. കോളജ് അധികൃതരുടെ പെരുമാറ്റം വേദനയുണ്ടാക്കിയതായി ബിബിൻ ജോർജ് പറഞ്ഞു.
വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളജ് പ്രിൻസിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് പറയുന്നു.
ഈ വിഷയം കത്തിച്ച് ‘ഗുമസ്തൻ’ എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കോളജിലെ കുട്ടികൾ തന്നെ പ്രിൻസിപ്പാളിനെ തിരുത്തി എന്നാണ് അറിയാൻ കഴിഞ്ഞതെന്നും ബിബിൻ പറയുന്നു.
‘സത്യം പറഞ്ഞാൽ അതു വിശദീകരിക്കാഞ്ഞത് തന്നെയാണ്. കാരണം. എപ്പോഴും ഇവിടെ ഇതിനു മുമ്പ് സംഭവിച്ചിട്ടുള്ളത് എന്താണ്. എന്തെങ്കിലും ഒരു വിവാദം വരും, നമ്മൾ അതിനെപ്പറ്റി പറയും. കുറെ ആളുകൾ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും.
പിന്നെ അതിന്റെ പുറകിൽ വേറെ രണ്ട് അഭിപ്രായങ്ങൾ വരും. സത്യം പറഞ്ഞാൽ നമ്മളൊരു മാർക്കറ്റിംഗ് രീതിയിൽ എടുക്കാൻ ആയിരുന്നെങ്കിൽ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ. സത്യസന്ധമായിട്ട് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് പുറത്തു പറയാനും അദ്ദേഹത്തിന് അതൊരു വിഷമമുണ്ടാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പറയുന്നില്ല. അതൊരു ചെറിയ സംഭവം ആയിട്ട് ഞങ്ങൾ അത് വിട്ടുകളയുകയാണ്.
ചിലതൊന്നും തിരുത്താൻ പറ്റില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെ അത് തിരുത്തിയിട്ടുണ്ടാകും. നമ്മൾ അത് വലിയ ഇഷ്യൂ ആക്കേണ്ട കാര്യമില്ല. വേദനിച്ചു എന്നുള്ളത് സത്യമാണ്. ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു, സ്റ്റേജിൽ നിന്ന് ഇറങ്ങി പോകുന്നത് വിഷമിച്ചതാണ്.
പക്ഷേ അത് ഒരാളിലേക്ക് വരുമ്പോൾ അയാളുടെ കുടുംബവും അയാളുടെ മക്കളും എല്ലാം വരുന്നതാണ്. നമ്മൾ ഇങ്ങനെ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേൾപ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം.
എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ വരുകയുള്ളൂ. കുട്ടികൾ തന്നെ അത് തിരുത്തിച്ച് എന്നാണ് തോന്നുന്നത്. ഞാൻ എത്രയോ കോളജുകളിൽ പോയിട്ടുണ്ട് ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം ഉണ്ടായത്. ബിബിൻ പറഞ്ഞു.
കോളജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വന്നതെന്ന് ബിബിന്‍ ജോര്‍ജ് പറഞ്ഞുവെങ്കിലും എത്രയും പെട്ടെന്ന് വേദി വിടണമെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം. സിനിമയുടെ പേര് കുട്ടികള്‍ ആര്‍ത്തുവിളിച്ചത് പ്രിന്‍സിപ്പാളിനെ ചൊടിപ്പിച്ചെന്നാണ് കരുതുന്നെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
സാരമില്ലെന്ന് പറഞ്ഞാണ് ബിബിന്‍ വേദിവിട്ടതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതേ സമയം കുറച്ച് അധ്യാപകരും വിദ്യര്‍ഥികളും ഇവര്‍ക്ക് പിന്തുണയുമായി എത്തി. വേദിയില്‍ നിന്ന് ഇറങ്ങരുതെന്നും പരിപാടി പൂര്‍ത്തിയാക്കാതെ പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രിന്‍സിപ്പാള്‍ കടുംപിടുത്തം പിടിച്ചതോടെ ബിബിന്‍ വേദിയില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ബിബിന്‍ വീണ്ടും വാഹനത്തില്‍ കയറി തിരിച്ചു പോകാന്‍ നേരത്തും പോകരുതെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ത്ഥികള്‍ എത്തി. പക്ഷേ ഇത് കണക്കിലെടുക്കാന്‍ ബിബിന്‍ കഴിഞ്ഞില്ല. സുഖമില്ലാത്ത കാലും വച്ച് ഒരിക്കല്‍ കൂടി മൂന്നാം നിലയിലേക്ക് കയറാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. വിദ്യാര്‍ഥികളോട് സ്നേഹത്തോടെ യാത്ര പറഞ്ഞാണ് കോളജില്‍ നിന്ന് മടങ്ങിയതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
കോളേജിന്റെ മൂന്നാമത്തെ നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. വളരെ കഷ്ടപ്പെടാണ് ബിബിന്‍ അവിടെ എത്തിയത്. പ്രിന്‍സിപ്പാളിന്റെ സമീപനം ബിബിനെ ഏറെ വിഷമിപ്പിച്ചെന്ന് നടന് ജെയ്സ് ജോസ് പറഞ്ഞു. സംഭവം നടന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് പുറത്തു പറയുന്നത്.