ആദ്യകൺമണിയെ വരവേറ്റ് താരദന്പതികൾ; ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ്
Monday, September 9, 2024 8:12 AM IST
ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പെൺകുഞ്ഞ് ജനിച്ചു. ഞായറാഴ്ച രാവിലെയാണ് ഇരുവരും തങ്ങളുടെ ആദ്യകൺമണിയെ വരവേറ്റത്. സമൂഹമാധ്യമങ്ങളിലൂടെയാണ് കുഞ്ഞ് അതിഥിയെത്തിയ സന്തോഷ വാർത്ത താരദന്പതികൾ ആരാധകരെ അറിയിച്ചത്.
സ്വാഗതം ബേബി ഗേൾ എന്നെഴുതിയ പോസ്റ്ററാണ് ദീപികയും രൺവീറും പങ്കുവച്ചത്. പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂർ, ആലിയ ഭട്ട് തുടങ്ങി നിരവധി പേർ താരദമ്പതികൾക്ക് ആശംസകളുമായെത്തി.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മനോഹരമായ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദീപിക പങ്കുവച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളില്‍ മൂന്ന് ഔട്ട്ഫിറ്റുകളിലായിരുന്നു ദീപിക പ്രത്യക്ഷപ്പെട്ടത്.
ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ മുതൽ പലരീതികളിലുള്ള വിമർശനങ്ങളിലൂടെയാണ് ദീപിക കടന്നുപോയത്. ദീപിക ഗർഭിണിയല്ലെന്നും ദീപികയ്ക്കായി മറ്റാരോ ആണ് ഗർഭിണി ആയിരിക്കുന്നതുമെന്നായിരുന്നു പരിഹാസങ്ങൾ.
താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം മറുപടിയായിരുന്നു നിറവയറിലുള്ള ദീപികയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ.