നാലു മക്കളിൽ രണ്ടാമത്തവളുടെ വിവാഹം കഴിഞ്ഞപ്പോൾ; കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം
Saturday, September 7, 2024 1:03 PM IST
മകള് ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയെന്നും കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസും ആരോഗ്യവും അദൃശ്യ ശക്തി നൽകിയെന്നും കൃഷ്ണകുമാർ പറയുന്നു.
ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്. നടന്നതും, നടക്കുന്നതും, നടക്കാൻ പോകുന്നതും. പെണ്മക്കളെ ശാക്തീകരിക്കാൻ, അവർക്കു സ്വാതന്ത്ര്യം നൽകാൻ, നമുക്ക് ശരിയെന്നു തോന്നിയ കാര്യങ്ങൾ അവരിലേക്ക് പകർന്ന് നൽകാൻ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസിൽ തോന്നി.
നമ്മൾ പറഞ്ഞുകൊടുത്തത് കുറച്ചൊക്കെ അവർ മനസിലാക്കി.. ബാക്കി അവർ, അവരുടെ ജീവിത അനുഭവത്തിൽ നിന്നും നേടിയെടുത്തു. അവർ അവരുടെ ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു.... ദൈവാനുഗ്രഹം കൂടി വന്നപ്പോൾ അവർക്കു സ്വന്തംകാലിൽ നിൽക്കാനുള്ള കെൽപ്പും പ്രകൃതി ഒരുക്കി കൊടുത്തു.
നാലു മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ (Ozy) വിവാഹം കഴിഞ്ഞപ്പോൾ മനസിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയി. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാൻ മാത്രമാണ് ഇപ്പോൾ മനസിൽ തോന്നുന്നത്.
ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപ്പെടുന്ന എല്ലാ സഹോദരങ്ങൾക്കും, ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു... ഒരിക്കൽ കൂടി നന്ദി. കൃഷ്ണകുമാർ കുറിച്ചു.