‘എന്റെ സിനിമയുടെ സെറ്റിലാണോ സംഭവമെന്ന് മോഹൻലാൽ ചോദിച്ചു:’ രാധിക ശരത്കുമാർ
Tuesday, September 3, 2024 12:21 PM IST
മലയാള സിനിമാ സെറ്റിലെ കാരവനിൽ ഒളിക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചുവെന്ന് നടി രാധിക ശരത്കുമാർ. തന്റെ സിനിമാ സെറ്റിലായിരുന്നോ സംഭവമെന്ന് താരം ചോദിച്ചെന്നും നടി ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളികാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്നു ബോധ്യമായതോടെ താൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടെന്നും ഉടൻതന്നെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചെന്നും രാധിക കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു ചിലർ ചോദിക്കുന്നതു കേട്ടു. തനിക്കുണ്ടായ ദുരനുഭവങ്ങൾക്കെതിരെ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേസുമായി മുന്നോട്ടില്ലെന്നും രാധിക അറിയിച്ചു.
തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും രാധിക വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ വ്യക്തത തേടി കേരള പോലീസ് രാധിക ശരത്കുമാറിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടിമാർക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ഫോണിലൂടെ മൊഴിയെടുത്തത്.