കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ എം.ടി സാഹിത്യ പുരസ്കാരം സൗദി അറേബ്യയിൽ നിന്നുള്ള എഴുത്തുകാരൻ ജോസഫ് അതിരുങ്കലിന്.
"ഗ്രിഗർ സാംസയുടെ കാമുകി' എന്ന കഥാസമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. അശോകൻ ചെരുവിൽ, അഷ്ടമൂർത്തി, വി.ഡി. പ്രേമപ്രസാദ് എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. കുവൈറ്റിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ കലാ കുവൈറ്റ് ഭാരവാഹികൾ അവാർഡ് പ്രഖ്യാപിച്ചു.
50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന കലാ കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് ജോസഫ് അതിരുങ്കലിന് അവാർഡ് സമ്മാനിക്കും. അവാർഡിനായി പരിഗണിക്കപ്പെട്ട കഥാ സമാഹാരങ്ങളിൽ മിക്കവയും എഴുത്തിനെ വളരെ ഗൗരവപൂർവം സമീപ്പിച്ച രചനകളായിരുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.
എല്ലാം കമ്പോളവത്ക്കരിക്കുന്ന, ലാഭം ആത്യന്തികമായി ഒരു സത്യമായി മാറുന്ന കാലത്ത് പ്രണയവും മനുഷ്യൻ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗർ സാംസയുടെ കാമുകി ആവിഷ്കരിക്കുന്നത്.
ജോസഫ് അതിരുങ്കലിന്റെ അഞ്ചാമത്തെ കഥാ സമാഹരമാണിത്. മിയകുള്‍പ്പ (നോവൽ), ജോസഫ് അതിരുങ്കലിന്റെ കഥകള്‍, പാപികളുടെ പട്ടണം, ഇണയന്ത്രം, പുലിയും പെണ്‍കുട്ടിയും പ്രതീക്ഷയുടെ പെരുമഴയില്‍(കഥാസമാഹാരങ്ങൾ) എന്നിവയാണ് ജോസഫിന്റെ മറ്റ് കൃതികൾ.
പത്തനംതിട്ട ജില്ലയിലെ അതിരുങ്കലില്‍ ജനിച്ച ജോസഫ് എഴുത്തുകാരന്, സാംസ്കാരിക പ്രവര്ത്തകന്, പ്രഭാഷകന്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ
കഥകൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടരപതിറ്റാണ്ടായി റിയാദില്‍ സപ്ലൈ ചെയിന്‍ മാനേജരായി ജോലി ചെയ്ത് വരികയാണ് ജോസഫ് അതിരുങ്കൽ.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന വാർത്താ സമ്മേളനത്തില്‍ കല കുവൈറ്റ് പ്രസിഡണ്ട് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത്, കെകെഎൽഎഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈറ്റ് ട്രഷറർ പി.ബി. സുരേഷ്, ആക്ടിംഗ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.